അധികൃതരുടെ അനാസ്ഥ: പട്ടയം കിട്ടാതെ പാലക്കാട്ടുകുന്ന് നഗർ നിവാസികൾ
text_fieldsവണ്ടൂർ: അധികൃതരുടെ അനാസ്ഥ മൂലം വർഷങ്ങളായി പട്ടയമില്ലാതെ നട്ടംതിരിയുകയാണ് കുറ്റിയിൽ പാലക്കാട്ടുകുന്ന് നഗർ നിവാസികൾ.
കോളനിയിലെ നൂറോളം കുടുംബങ്ങളാണ് 20 വർഷത്തിലധികമായി പട്ടയത്തിനായുള്ള അവകാശ പത്രികക്ക് പഞ്ചായത്തിൽ കയറിയിറങ്ങുന്നത്. ഈ ആവശ്യമുന്നയിച്ച് പ്രദേശവാസികൾ കഴിഞ്ഞ ദിവസം വാർഡ് അംഗം വി. ജ്യോതിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസിലെത്തി പ്രസിഡന്റ് വി.എം. സീനക്ക് നിവേദനം നൽകി.
നൂറുകണക്കിന് കുടുംബങ്ങളാണ് പഞ്ചായത്ത് ഭൂമിയായ ഇവിടെ തിങ്ങി താമസിക്കുന്നത്. മിക്കവർക്കും ലൈഫിൽ വീടും വൈദ്യുതി കണക്ഷനും ലഭിച്ചിട്ടുണ്ട്. പട്ടയം ലഭിക്കാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബാങ്ക് വായ്പകളും മറ്റും തടസ്സപ്പെടുന്നതായാണ് ഇവരുടെ പരാതി.
ഭൂമി കൈവശം വെക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ടെങ്കിലും കൈവശരേഖ അഥവാ അവകാശ പത്രിക ഇതുവരെ അനുവദിച്ചു കൊടുത്തിട്ടില്ല.
ഇത് ഉണ്ടെങ്കിലേ സർക്കാരിൽ നിന്ന് പട്ടയം ലഭിക്കുകയുള്ളൂ. 2022 ആഗസ്റ്റ് 24 ലെ പഞ്ചായത്ത് ബോർഡ് തീരുമാനപ്രകാരം, താലൂക്ക് ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി ഓരോ കുടുംബത്തിനും നാല് സെൻറ് വീതം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പിന്നീട് തുടർ നടപടികൾ ഉണ്ടായിട്ടില്ലെന്ന് കുടുംബങ്ങൾ പറയുന്നു.
കൈവശക്കാർക്ക് അവകാശ പത്രിക നൽകി നൽകേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തി സ്കെച്ച് തയ്യാറാക്കി അംഗീകരിച്ച് നൽകിയാൽ തുടർ നടപടി എളുപ്പമാകുമെന്നാണ് ഇതു സംബന്ധിച്ച് വണ്ടൂർ വില്ലേജോഫീസ് അധികൃതർ അറിയിച്ചത്. പഞ്ചായത്ത് ഭരണസമിതിയാണ് വിഷയത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.