പരിഹാരമില്ലാതെ പാലക്കാട്ടുകുന്ന് നിവാസികളുടെ പട്ടയ പ്രശ്നം
text_fieldsവണ്ടൂർ: പാലക്കാട്ടുകുന്ന് നിവാസികളുടെ പട്ടയ വിഷയത്തിൽ ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ പഞ്ചായത്ത് സെക്രട്ടറി മമ്മദ് ലത്തീഫിന് നിവേദനം നൽകി. പ്രദേശത്ത് താമസിക്കുന്ന ആളുകൾക്ക് പട്ടയം നൽകാനുള്ള അനുവാദ പത്രിക നൽകാൻ വിഷയം പഞ്ചായത്ത് ബോർഡിൽ അജണ്ടയായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടുകുന്ന് നിവാസികളുടെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്.
അധികൃതരുടെ അനാസ്ഥയെത്തുടർന്ന് വർഷങ്ങളായി നട്ടംതിരിയുന്ന കുറ്റിയിൽ പാലക്കാട്ടുകുന്ന് നിവാസികളുടെ ദുരിതകഥ കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളാണ് 20 വർഷത്തിലധികമായി പട്ടയത്തിനുള്ള അവകാശ പത്രികക്കായി പഞ്ചായത്തിൽ കയറിയിറങ്ങുന്നത്. പല കുടുംബങ്ങൾക്കും ലൈഫിൽ വീടും വൈദ്യുതി കണക്ഷനും ലഭിച്ചിട്ടുണ്ട്. എന്നാൽ പട്ടയം ലഭിക്കാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പയും മറ്റും തടസ്സപ്പെടുന്നതായാണ് ഇവരുടെ പ്രധാന പരാതി.
വർഷങ്ങൾക്കുമുമ്പ് പ്രദേശത്തെ 31 കുടുംബങ്ങൾക്ക് പഞ്ചായത്ത് അവകാശ പത്രിക നൽകിയിട്ടുണ്ടെങ്കിലും ഇവർക്കൊന്നും ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. വിഷയം വീണ്ടും ചർച്ചയായതോടെയാണ് ജില്ല പഞ്ചായത്ത് അംഗം ഇടപെടുന്നത്. വിഷയം ബോർഡിൽ ചർച്ച ചെയ്യുന്നതിന് മുമ്പായി എം.എൽ.എ, തഹസിൽദാർ, വില്ലേജ് അധികൃതർ തുടങ്ങി വിഷയവുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചു ചേർത്ത് പഞ്ചായത്തിൽ യോഗം വിളിക്കുമെന്നും അജ്മൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.