പോളിങ് കുറവ്: തലപുകച്ച് രാഷ്ട്രീയ പാർട്ടികൾ
text_fieldsവണ്ടൂർ: ദേശീയ നേതാക്കളടക്കമിറങ്ങി പ്രചാരണം കൊഴുപ്പിച്ചിട്ടും മേഖലകളിൽ പോളിങ് മന്ദഗതിയിലായത് മുന്നണികൾക്ക് തലവേദനയായി. സാധാരണ രാവിലെ ഉണ്ടാവാറുള്ള തിരക്ക് ഇത്തവണ വൈകീട്ട് ആറു മണി പിന്നിടുമ്പോഴും മേഖലയിലെ പല ബൂത്തുകളിലും ഉണ്ടായിട്ടില്ല.
ഉച്ചക്ക് മൂന്നു മണിക്കടക്കം 50 ശതമാനത്തിനും താഴെയായിരുന്നു പോളിങ്. വോട്ടർമാരുടെ തണുത്ത പ്രതികരണം രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നുണ്ട്. ആകെ 234228 വോട്ടർമാരുള്ള വണ്ടൂർ മണ്ഡലത്തിൽ 150917 വോട്ടുകളാണ് രേഖപ്പെടുത്തിയത്. അഥവാ 64.43 ശതമാനം മാത്രം. കഴിഞ്ഞ തവണ ഇത് 73 ശതമാനമായിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ എട്ടു ശതമാനത്തിലധികമാണ് കുറവ്.
സാധാരണ പോളിങ് ബൂത്തുകളിൽ രാവിലെ തന്നെ സ്ത്രീകളുടെ നീണ്ട നിര പതിവാണ്. എന്നാൽ, ഇത്തവണ വിരലിലെണ്ണാവുന്ന വോട്ടർമാർ മാത്രമേ മിക്ക ബൂത്തുകളിലും ഉണ്ടായിരുന്നുള്ളൂ. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകളിൽ ബീപ് ശബ്ദം വരാൻ താമസമെടുക്കുന്ന അനുഭവമുണ്ടായെങ്കിലും വോട്ടർമാരുടെ എണ്ണക്കുറവുകാരണം ഇതൊന്നും തിരക്കിനു കാരണമായില്ല. ഉപതെരഞ്ഞെടുപ്പാണെങ്കിലും കാടടച്ച പ്രചാരണമാണ് രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. വോട്ടർമാരുടെ തണുത്ത പ്രതികരണവും പോളിങ് ശതമാനത്തിലെ കുറവും എവിടെ എത്തിക്കുമെന്ന കണക്കുകൂട്ടലുകളിലാണ് രാഷ്ട്രീയ പാർട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.