അംഗൻവാടി ഉദ്ഘാടനത്തിനിടെ പ്രതിഷേധം; വണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ് പരാതി നൽകി
text_fieldsവണ്ടൂര്‍: പഞ്ചായത്തിലെ കാപ്പില്‍ 23ാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച അംഗൻവാടി ഉദ്ഘാടനത്തിനിടെ വാക്കേറ്റം കൈയാങ്കളിവരെ എത്തി. കെട്ടിടത്തിെൻറ പ്രവൃത്തി പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു സി.പി.എം ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രതിഷേധം. ബഹളത്തിനിടെ ശിലാഫലകത്തിലെ കർട്ടണും വലിച്ചുകീറി. പ്രതിഷേധം അവസാനിപ്പിച്ച ശേഷം പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സാജിത ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് അഞ്ചുലക്ഷം രൂപയും പഞ്ചായത്തിെൻറ മൂന്നുലക്ഷം രൂപയും ഐ.സി.ഡി.എസ് ഫണ്ടായ രണ്ടുലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കാപ്പില്‍ അംഗൻവാടി ഹൈടെക്കാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതിനായി പഞ്ചായത്ത് രണ്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും പ്രസിഡൻറ് പറഞ്ഞു. വാടകക്കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു അംഗൻവാടി പ്രവര്‍ത്തിച്ചിരുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മാളിയേക്കല്‍ രാമചന്ദ്രന്, സ്ഥിരംസമിതി അധ്യക്ഷരായ പി.ടി. ബാബു, ഖദീജ തോപ്പില്‍, എം. ധന്യ, അംഗൻവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്നാൽ, കെട്ടിടത്തിന് ചോർച്ചയുണ്ടെന്നും മുകളിൽ വെള്ളം കെട്ടിനിൽക്കുന്നതടക്കം അടിസ്ഥാന സൗകര്യങ്ങളൊന്നും പൂർത്തീകരിക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും സി.പി.എം ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് മെംബറുമായ അഡ്വ. അനിൽ നിരവിൽ അറിയിച്ചു. ഉദ്ഘാടന പരിപാടികൾ തടഞ്ഞതിന് പൊലീസിൽ പരാതി നൽകിയതായി പ്രസിഡൻറ് കെ.കെ. സാജിത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.