ആറു വർഷത്തിനു ശേഷം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രസവം; ആഘോഷമാക്കി ഭരണസമിതിയും ജീവനക്കാരും
text_fieldsവണ്ടൂർ (മലപ്പുറം): ആറു വർഷത്തെ ഇടവേളക്ക് ശേഷം താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ പുനരാരംഭിച്ചു. വണ്ടൂർ സ്വദേശിനിയുടെ സുഖ പ്രസവം ഭരണസമിതിയും ജീവനക്കാരും ആഘോഷമാക്കി. പുലർച്ച 4.15ഓടെയാണ് വണ്ടൂർ സ്വദേശിനിയുടെ പ്രസവം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദ് സ്വർണ വളയും ബേബി കിറ്റുമായി എത്തിയപ്പോൾ വൈസ് പ്രസിഡന്റ് കെ.കെ. സാജിത, മുൻ പ്രസിഡന്റ് സി.എച്ച്. ആസ്യ, മുൻ ബ്ലോക്ക് അംഗം പി. ഷംന എന്നിവർ സമ്മാനങ്ങളുമായി വന്നു.
ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഷീജ പന്തലകത്ത്, ഗൈനക്കോളജിസ്റ്റ് എ. രമാദേവി, കെ.സി. കുഞ്ഞിമുഹമ്മദ്, സി.എച്ച്. ആസ്യ എന്നിവരെ ആദരിച്ചു. വി.എ.കെ തങ്ങൾ, വി. ശിവശങ്കരൻ, ഇ. സുനിൽകുമാർ, ബി.ഡി.ഒ വി. ജയരാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് കോടിയോളം രൂപ മുടക്കി അത്യാധുനിക സംവിധാനത്തോടെയുള്ള ഓപറേഷൻ തിയറ്ററടക്കമുള്ള പ്രസവ വാർഡ് ഒരുക്കിയിട്ടും പ്രസവം നടക്കാത്തതിനാൽ അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുമ്പ് സി.എച്ച്.സിയായിരുന്ന ആശുപത്രിയിൽ ഒരു മാസം നൂറിലധികം പ്രസവം നടന്നിരുന്നു. പിന്നീട് ഡോക്ടർമാരില്ലാത്തതിനാൽ പ്രസവ കേസ് എടുക്കുന്നതു തന്നെ നിർത്തി.
ഇത് ഏറെ വിവാദങ്ങൾക്കിടയാക്കി. ഒന്നാം കോവിഡ് തരംഗകാലത്ത് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് ആശുപത്രിയാകുന്നതിന്റെ ഭാഗമായാണ് പ്രസവം വണ്ടൂരിലേക്കടക്കം മാറ്റാൻ നിർദേശം വന്നത്. ഇതോടെ യുദ്ധകാലാടിസ്ഥാനത്തിൽ മൂന്ന് കോടിയിലധികം മുടക്കി ബ്ലോക്ക് പഞ്ചായത്ത് അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കി. എന്നാൽ, ഗൈനക്കോളജി വിഭാഗത്തിൽ വർക്കിങ് അറേഞ്ച്മെന്റിൽ രണ്ട് ഡോക്ടർമാർ കുറച്ചു ദിവസങ്ങൾ മാത്രം എത്തി പിന്നീട് വരാതായി. ഇതോടെ പ്രസവ വാർഡ് നോക്കുകുത്തിയായി.
തുടർന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.സി. കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അംഗങ്ങൾ മലപ്പുറത്തെത്തി ഡി.എം.ഒയെയടക്കം ഉപരോധിച്ചിരുന്നു. ജനകീയ പ്രതിഷേധവും അരങ്ങേറി. ബ്ലോക്ക് ഭരണസമിതിയുടെ നിരന്തര ശ്രമത്തെ തുടർന്നാണ് ഗൈനക്കോളജിസ്റ്റ് എ. രമാദേവി ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.