ആറാം ക്ലാസുകാരൻ കത്തയച്ചു: കോഴിക്കോട് ബീച്ചിൽ ടോയ്ലറ്റ് കോംപ്ലക്സ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsവണ്ടൂർ: കാട്ടുമുണ്ട ഈസ്റ്റ് ഗവ. യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിയുടെ ഇടപെടൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതോടെ കോഴിക്കോട് ബീച്ചിൽ ടോയ്ലറ്റ് സംവിധാനം എത്തുന്നു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് മമ്പാട് തോട്ടിന്റെക്കര സ്വദേശി സാജിദ് ബാപ്പു-സബ്ന ദമ്പതികളുടെ മകൻ ലാസിംലുത്തുഫിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
കൊച്ചുകുട്ടിയുടെ ഇടപെടലിൽ കോഴിക്കോട് ബീച്ചിൽ ടോയ്ലറ്റ് കോംപ്ലക്സ് ഒരുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ നാട്ടിലെ താരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. കഴിഞ്ഞ നവംബർ 17നാണ് കുടുംബത്തോടൊപ്പം കോഴിക്കോട് ബീച്ചിൽ പോയത്.
എന്നാൽ, കടലും തിരമാലകളും കണ്ടാസ്വദിക്കുന്നതിനിടയിൽ പ്രദേശത്ത് ടോയ്ലറ്റ് സൗകര്യങ്ങളില്ലാത്തതിനാൽ മാതാവും സഹോദരിമാരും മൂത്രമൊഴിക്കാനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഏറെ അലഞ്ഞശേഷം ഒരുവീട്ടിൽ എത്തിയാണ് കുട്ടികൾ കാര്യം സാധിച്ചത്. ബീച്ചിലുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ നിർദേശപ്രകാരമാണ് ലാസിംലുത്തുഫി മുഖ്യമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചത്.
വീട്ടിലെത്തിയ പിറ്റേദിവസം ബീച്ചിലുണ്ടായ ദുരനുഭവവങ്ങൾവെച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി. ഓരോ ദിവസവും ബീച്ചിലെത്തുന്ന ആയിരകണക്കിനാളുകൾ മൂത്രപ്പുരയുടെ അഭാവം കാരണം ഏറെ പ്രയാസപ്പെടുന്നതായും ലാസിംലുത്തുഫി വിവരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കോഴികോട് മുനിസിപ്പൽ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.
തുടർന്ന് കോർപറേഷൻ വിഭാഗം ടേക്ക് എ ബ്രേക്ക് പദ്ധതിയിലൂടെ സൗത്ത് ബീച്ചിൽ ടോയ്ലറ്റ് നിർമിക്കുവാൻ തീരുമാനിച്ച വിവരം കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ലാസിംലുത്തുഫിക്ക് കത്തിലൂടെ അയക്കുകയും ചെയ്തു. പഠിക്കുവാൻ മിടുക്കനും സ്കൂളിലെ എൽ.എസ്.എസ് വിജയികൂടിയായ ലാസിംലുത്തുഫിയുടെ ഇടപെടൽ കോഴിക്കോട് ബീച്ചിലെത്തുന്നവർക്കടക്കം അണയായതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും സ്കൂൾ അധികൃതരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.