ഇവിടൊന്നും കിട്ടിയില്ലാ...അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുമില്ലാതെ വണ്ടൂർ ഗവ. താലൂക്ക് ആശുപത്രി
text_fieldsവണ്ടൂർ: പി.എച്ച്.സി പദവിയിൽ നിൽക്കുമ്പോൾ തന്നെ സി.എച്ച്.സിയും (സാമൂഹികാരോഗ്യകേന്ദ്രം) പിന്നീട് താലൂക്ക് ആശുപത്രിയുമായി ഉയർത്തിയ മലയോര മേഖലയുടെ പ്രധാന ആതുരാലയമായ വണ്ടൂർ താലൂക്ക് ആശുപത്രി ഇന്നും ദുരിതക്കിടക്കയിലാണ്. പേരുകൾ മാറ്റി താലൂക്ക് ആശുപത്രിയാക്കി ബോർഡ് സ്ഥാപിച്ചെങ്കിലും സ്ഥലസൗകര്യവും വേണ്ടത്ര ജീവനക്കാരും ഇതുവരെ യാഥാർഥ്യമായില്ല. കൊട്ടിഘോഷിച്ച് രണ്ട് ആഴ്ചക്കുള്ളിൽ ഉദ്ഘാടനം നടത്തുമെന്നറിയിച്ച ഡയാലിസിസ് കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേൺ നിയമനങ്ങളും ഉപകരണങ്ങളും മലിനജല ശുചീകരണ സംവിധാനങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ല.
ഇതുകാരണം ഡയാലിസിസ് ചികിത്സ ആരംഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം. സ്ഥലപരിമിധി കാരണം ഡി.എം.ഒ തലത്തിലുള്ള പരിശോധന സംഘം രാഹുൽ ഗാന്ധി എം.പി അനുവദിച്ച ഡയാലിസിസ് കേന്ദ്രത്തിന് ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്ന റിപ്പോർട്ട് നൽകിയിരുന്നു. രാഷ്ട്രീയ വിവാദങ്ങൾക്കു ശേഷം പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന് നിലവിലെ പ്രസവവാർഡ് അടക്കം മാറ്റി സ്ഥാപിക്കണം.
സ്ഥലപരിമിതിതന്നെ വെല്ലുവിളി
താലൂക്ക് ആശുപത്രിക്ക് ആവശ്യമായ കെട്ടിടങ്ങളൊരുക്കാൻ മാറി വരുന്ന ഭരണസമിതികൾ ശ്രമിക്കുമ്പോഴും സ്ഥലപരിമിധി വലിയ വെല്ലുവിളിയാണ്. ഉള്ള സ്ഥലത്ത് എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടിൽ കെട്ടിടങ്ങൾ ഒരുക്കുമ്പോഴും കൂടുതൽ പേരുടെ നിയമനം ആവശ്യപ്പെട്ടു നൽകിയ റിപ്പോർട്ടുകൾ സർക്കാർ ഫയലുകളിൽ പൊടിപിടിച്ചു കിടക്കുകയാണ്. 24 മണിക്കൂർ അത്യാഹിതവിഭാഗവും നിലവിൽ ആശുപത്രിയിലുണ്ട്. പനി കാരണം രാത്രികാല ഒ.പിയിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വേണം കൂടുതൽ സ്റ്റാഫ്
അത്യാഹിത വിഭാഗത്തിൽ ലഭിച്ച നാലുപേരും ഒരു ശിശുരോഗ വിദഗ്ധനും മൂന്ന് ഗൈനക്കോളജിസ്റ്റും ഉൾപ്പെടെ നിലവിലുള്ളത് 14 ഡോക്ടർമാരാണുള്ളത്. ഒ.പി, ഐ.പി അടക്കം മാസത്തിൽ 20,000 പേരാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഇതിന് 11 നഴ്സുമാരും മൂന്ന് നഴ്സിങ് അസിസ്റ്റന്റുമാരും മൂന്ന് ഗ്രേഡ് 2 ജീവനക്കാരും മൂന്ന് ഫാർമസിസ്റ്റും രണ്ട് ലാബ് ടെക് നീഷ്യൻമാരുമാണ് നിലവിലുള്ളത്.
താലൂക്ക് ആശുപ്രതിലേക്ക് അത്യാവശ്യമായി വേണ്ട ഓർത്തോ വിഭാഗം, ഇ.എൻ.ടി, ജനറൽ മെഡിസിൻ വിഭാഗങ്ങളും ഇവിടെ അന്യമാണ്. ഈ വിഭാഗങ്ങളിലൊന്നും തസ്തിക നിർണയം പോലും ഇതുവരെ നടത്തിയിട്ടില്ല.
ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും കുറവ് താലൂക്ക് ആശുപത്രി പരിധിയിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇതുകാരണം വാർഡ് തലത്തിൽ നടത്തേണ്ട വിവിധ പരിശോധനകളും പ്രതിരോധ, ബോധവത്കരണ, ശുചീകരണ, പ്രവർത്തനങ്ങളും താളം തെറ്റുന്നുണ്ട്. ഇത്തരം സമയങ്ങളിൽ ആശുപത്രി ഒ.പി യിൽ ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവ് കാരണം പരിശോധനക്കെത്തിയ രോഗികളുടെ പ്രതിഷേധങ്ങളും ആശുപത്രിയിൽ പതിവാണ്.
പ്രയാസം പേറി പ്രസവ വാർഡ്
2016 മേയ് മുതല്‍ പ്രസവ ചികിത്സാ വിഭാഗം കൈകാര്യം ചെയ്തിരുന്ന അസിസ്റ്റന്റ് സര്ജ്ജന് സ്ഥലം മാറി പോയതിനാല്‍ പ്രസവ ചികിത്സാ വിഭാഗം താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. ഇത് ഏറെ വിവാദമാണുയർത്തിയത്.
തുടർന്ന് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ബ്ലോക്ക് ഭരണ സമിതി മുന്‍ കൈയെടുത്ത് നവീകരിച്ച രീതിയില്‍ പ്രസവ ചികിത്സാ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയെങ്കിലും ഏറെ വൈകിയാണിത് ആരംഭിക്കാൻ കഴിഞ്ഞത്. കലക്ടറടക്കം ഇടപെട്ട് ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് ആവശ്യമായ ജീവനക്കാരെ നിയമിച്ചത്. ഇന്ന് ഗൈനക് വിഭാഗത്തിൽ മൂന്ന് ഡോക്ടർമാരും ഒരു ശിശു രോഗവിദഗ്ധനും ആശുപത്രിയിലുണ്ട്.
ഡോക്ടർമാരുടെ സ്ഥിരം നിയമനത്തിലെ അപാകതയും പലപ്പോഴും കല്ലുകടിയാണ്. 42 കിടക്കകൾക്കാണ് അനുമതിയുള്ളതെങ്കിലും അനുവദിച്ചിട്ടുള്ളതെങ്കിലും 110 ഓളം കിടക്കകള്‍ സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ അടക്കമുള്ള സൗകര്യത്തോടെ ആശുപത്രിയിൽ സജ്ജമാണ്. ആശുപത്രിയുടെ ചുമതലുള്ള വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. പുതിയ മെഡിക്കൽ ഓഫിസറായി ഡോ. ഉമ്മർ ചുമതലയേറ്റ് പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.