വണ്ടൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻറർ; നിർമാണം എന്ന് തുടങ്ങും
text_fieldsവണ്ടൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമ്പോഴും താലൂക്ക് ആശുപത്രിയിൽ അഞ്ചുവർഷം മുമ്പ് രാഹുൽ ഗാന്ധി അനുവദിച്ച ഡയാലിസിസ് സെൻറർ പ്രവർത്തനം തുടങ്ങിയിട്ടില്ല. നിർമാണം അവസാനഘട്ടത്തിലാണെന്നും താൽക്കാലിക മാലിന്യ പ്ലാൻറിനായുള്ള സാങ്കേതികാനുമതി ആരോഗ്യമന്ത്രിയെ പല തവണ നേരിട്ട് കണ്ടിട്ടും ലഭിക്കുന്നില്ലെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അസ്കർ പറയുന്നത്. പദ്ധതി നീണ്ടുപോവുന്നതിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്.
2019ലാണ് അന്ന് എം.പി ആയിരുന്ന രാഹുൽ ഗാന്ധി ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കാനായി 50 ലക്ഷം അനുവദിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയിൽ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികൾ വൈകുകയായിരുന്നു. ഒടുവിൽ ഇവിടേക്കുള്ള ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, രോഗികൾക്ക് കിടക്കാനുള്ള മുറികൾ മുതലായവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.
നിലവിൽ മുന്നിലുള്ള തടസ്സം താൽക്കാലിക മാലിന്യ പ്ലാന്റിന്റെ നിർമാണമാണ്. ഇതിനായി എൻ.എച്ച്.എമ്മിൽ ഒരു കോടി 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്. എന്നാൽ, സാങ്കേതിക അനുമതി മാത്രം ലഭിക്കുന്നില്ല. നിലവിൽ ഗ്രാമപഞ്ചായത്ത് മുതൽ ജില്ല പഞ്ചായത്ത് വരെ ഭരിക്കുന്ന യു.ഡി.എഫിന് രാഹുൽ ഗാന്ധി അനുവദിച്ച ഡയാലിസിസ് കേന്ദ്രം അഞ്ചുവർഷം കഴിഞ്ഞിട്ടും തുടങ്ങാൻ ആകാത്തത് നാണക്കേടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.