വാണിയമ്പലം ഹൈസ്കൂൾ കെട്ടിടം: സി.പി.എം ആരോപണം അടിസ്ഥാന രഹിതം
text_fieldsവണ്ടൂർ: വാണിയമ്പലം ഹൈസ്കൂൾ കെട്ടിടത്തിന് പഞ്ചായത്ത് പ്രവർത്തനാനുമതി നൽകുന്നില്ലെന്ന സി.പി.എം പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലെന്ന് മുസ്ലിം ലീഗ് വണ്ടൂർ പഞ്ചായത്ത് കമ്മറ്റി.സാങ്കേതികാനുമതി നൽകേണ്ട അസിസ്റ്റന്റ് എൻജിനീയർ സി.പി.എം ഭരിക്കുന്ന മമ്പാട് പഞ്ചായത്തിലാണെന്നും അനുകൂല റിപ്പോർട്ട് നൽകിയാൽ ഉടൻ പഞ്ചായത്ത് കെട്ടിടനമ്പർ നൽകുമെന്നും വൈസ് പ്രസിഡന്റ് ഷൈജൽ എടറ്റപ്പറ പറഞ്ഞു.
സി.പി.എം ഇടപെട്ട് കാര്യങ്ങൾ വൈകിപ്പിക്കുകയാണെന്നും ഷൈജൽ കുറ്റപ്പെടുത്തി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിച്ച വാണിയമ്പലം ഹൈസ്കൂൾ കെട്ടിടം നിസ്സാരമായ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പ്രവർത്തനാനുമതി നൽകാത്ത പഞ്ചായത്ത് അധികൃതരുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി രംഗത്ത് എത്തിയിരുന്നു.
2018ൽ ആണ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വാണിയമ്പലം സ്കൂളിന് കെട്ടിടം നിർമിക്കാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ അനുവദിച്ചത്. എന്നാൽ, സ്ഥല പരിമിതി ഉൾപ്പെടെ വിഷയങ്ങൾ കാരണം പദ്ധതി നീണ്ടപ്പോൾ നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ ഫുട്ബാൾ മേളയിലൂടെ സ്ഥലം വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്തുകയായിരുന്നു. മൂന്ന് നിലകളിലായി 15 ക്ലാസ് മുറികളുള്ള കെട്ടിടത്തിന് നിലവിൽ കെട്ടിട നമ്പറിട്ടു നൽകാനും ഒക്യുപൻസി, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാനും പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല എന്നാണ് സി.പി.എമ്മിന്റെ പരാതി.
2018ൽ എല്ലാ സാങ്കേതിക അനുമതിയും വാങ്ങി നിർമാണ പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിന് 2019ൽ വന്ന പുതിയ കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തനാനുമതി നിഷേധിക്കുന്നത് എന്നാണ് ആരോപണം.ഇതിൽ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ രക്ഷിതാക്കളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സി.പി.എമ്മും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.