ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി വാണിയമ്പലം അങ്ങാടി
text_fieldsവണ്ടൂർ: ട്രെയിൻ സർവിസിനായി ഗേറ്റ് അടക്കുന്നത് കാരണം വാണിയമ്പലം അങ്ങാടിയിൽ ഗതാഗതക്കുരുക്ക് പതിവുകാഴ്ചയായി. നിലവിൽ ദിനേന 10 തവണയാണ് ഗേറ്റ് അടക്കുന്നത്. ട്രെയിൻ പോയി ഗേറ്റ് തുറന്നാലും വാഹനങ്ങളുടെ തിരക്ക് കാരണം ഗതാഗതക്കുരുക്ക് ഒഴിവാകാൻ 10 മിനിറ്റിലധികമാെണടുക്കുന്നത്. ഇതിനിടക്ക് ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നതും ഇവിടെ പതിവാണ്.
നിലമ്പൂർ-ഷൊർണൂർ, ഷൊർണൂർ-നിലമ്പൂർ ട്രെയിനുകൾ ഒരേസമയം കടന്ന് പോകുന്ന സമയം അരമണിക്കൂറോളമാണ് ഗേറ്റ് അടച്ചിടുന്നത്. ഈ സമയം ഒരുഭാഗത്ത് കുറ്റിയിൽ വരെയും മറുഭാഗത്ത് സി.കെ മില്ലിനപ്പുറം തച്ചങ്ങോട് വരെയുമായി ഇരുഭാഗത്തും നൂറുകണക്കിന് വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാവും. ഗതാഗതക്കുരുക്കിൽപെടുന്ന ബസുകളടക്കം സർവിസ് മുടക്കിയാണ് സമയക്കുറവ് മൂലമുള്ള പ്രശ്നം പരിഹരിക്കുന്നത്. ഇതിന്‍റെ പേരിൽ വാഹന ഉടമകൾ തമ്മിലുള്ള വാക്കേറ്റങ്ങളും പതിവാണ്.
നിലവിലെ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രെയിനുകളുടെ ക്രോസിങ് മേൽപാലം ഉള്ള അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി പുനഃക്രമീകരണം എന്ന ആവശ്യവും ശക്തമാണ്. ട്രെയിനുകൾ പരസ്പരം ക്രോസിങ് നടത്തുന്ന രീതിയിൽ ട്രെയിനുകളുടെ സമയക്രമീകരണം നടത്തണമെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ നിലമ്പൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സതേൺ റെയിൽവേ ഡിവിഷനൽ മാനേജർക്ക് പരാതി നൽകി. ഓർഗനൈസേഷൻ താലൂക്ക് പ്രസിഡന്‍റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷത വഹിച്ചു. നിയാസ് ചാലിയാർ, ഷൗക്കത്തലി ഉള്ളാട്ട് പറമ്പൻ, ബാബു എ വൺ മമ്പാട്, കെ.ടി. മെഹബൂബ്, ഷെമീർ ബാബു അറക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.