തിരിച്ചുകിട്ടിയ ജീവിതത്തിന് നന്ദിയറിയിക്കാൻ വാവ സുരേഷ് വണ്ടൂരിലെത്തി
text_fieldsവണ്ടൂർ: പാമ്പുകടിയേറ്റ വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് അന്നദാനം നടത്തിയ വണ്ടൂർ കുടുംബശ്രീ ഹോട്ടലിലെ കെ.സി. നിർമ്മലയെ കാണാൻ വാവ സുരേഷെത്തി. നിർമ്മലയും കുടുംബശ്രീ ഹോട്ടൽ ജീവനക്കാരും സമീപത്തെ കച്ചവടക്കാരും ചേർന്ന് സുരേഷിനെ സ്വീകരിച്ചു. വാവ സുരേഷ് എത്തിയതറിഞ്ഞ് സെൽഫിയെടുക്കാനായി ആളുകൾ തിരക്കുകൂട്ടി. പത്ത് മണിക്ക് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഉച്ചകഴിഞ്ഞ് 2.20ഓടെയാണ് വാവ സുരേഷ് സുഹൃത്തും പാമ്പുപിടുത്തക്കാരനുമായ ബൈജു കോട്ടമ്പാടത്തിനൊപ്പം എത്തിയത്. ജീവനക്കാരേയും അവിടെ കൂടിയവരേയും നിർമല വാവ സുരേഷിന് പരിചയപ്പെടുത്തി. എല്ലാവരും ചേർന്ന് വാവയെ പൊന്നാടയണിയിച്ചു. എല്ലാവർക്കുമൊപ്പം സെൽഫിയെടുത്ത് സദ്യ വിളമ്പി കഴിച്ചാണ് വാവ മടങ്ങിയത്.കഴിഞ്ഞ ഫെബ്രുവരി 12 നാണ് പാമ്പുകടിയേറ്റ് ആശുപത്രി വിട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നിർമല കുടുംബശ്രീ ഹോട്ടലിൽ അന്നദാനം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട വാവ സുരേഷ് കാണാൻ വരുമെന്ന് അറിയിച്ചിരുന്നു. വലിയ പാമ്പുകളെ പിടിക്കുന്നത് നിർത്തി ശരീരം ഒന്ന് ശ്രദ്ധിക്കണമെന്ന നിർദേശമാണ് നിർമല വാവക്ക് നൽകിയത്. ഒരു മണിക്കൂറോളം സമയം കുടുംബശ്രീ ഹോട്ടലിൽ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.