കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും; തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിൽ വ്യാപക നാശം
text_fieldsവണ്ടൂർ: മഴക്കൊപ്പമെത്തിയ ചുഴലിക്കാറ്റിൽ തിരുവാലി, തൃക്കലങ്ങോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. തിരുവാലി ചാത്തക്കാട്ട് വീടിന് മുകളിൽ മരം വീണതിനെത്തുടർന്ന് ഓട് തലയിൽ വീണ് ഗൃഹനാഥന് പരിക്കേറ്റു. മീമ്പറ്റ ഗോപാലനാണ് പരിക്കേറ്റത്.
ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത് കുലച്ച വാഴകളടക്കം നിരവധി കൃഷികൾ കാറ്റിൽ നശിച്ചു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റുമെത്തിയത്. കാറ്റ് തൃക്കലങ്ങോട് പഞ്ചായത്തിലെ നിരന്നപറമ്പ്, ചാത്തക്കാട്, പാതിരിക്കോട്, എളങ്കൂർ, തിരുവാലി പഞ്ചായത്തിലെ മണ്ണ് പറമ്പ്, തങ്കായം, പമ്പാടിക്കുന്ന്, ഒലിക്കൽ എന്നിവിടങ്ങളിലാണ് വ്യാപക നാശം വിതച്ചത്. ഈ പ്രദേശങ്ങളിൽ പ്രാഥമിക കണക്കനുസരിച്ച് നാലായിരത്തിലധികം വാഴ, രണ്ടായിരത്തഞ്ഞൂറോളം റബർ മരങ്ങൾ, ആയിരത്തോളം കമുക് തുടങ്ങിയവ നശിച്ചു.
ചാത്തക്കാട്ട് സ്വകാര്യവ്യക്തിയുടെ ഫുട്ബാൾ ടർഫ് കാറ്റിൽ തകർന്നു. പ്രദേശത്തെ ഒരു കുടുംബക്ഷേത്രത്തിന്‍റെ മുൻവശവും തകർന്നു. ഓണവിപണിയിലേക്കുള്ള വാഴകൃഷി പൂർണമായി നശിച്ചു. തിരുവാലി പഞ്ചായത്തിൽ 25 വീട് ഭാഗികമായും രണ്ട് വീട് പൂർണമായും തകർന്നു. നൂറോളം വൈദ്യുതിത്തൂണുകളും തകർന്നു. കൃത്യമായ കണക്കുകൾ വില്ലേജ്, കൃഷി വകുപ്പ് അധികൃതർ ശേഖരിച്ചുവരുകയാണ്. ഇ.ആർ.എഫ് ടീം തിരുവാലി യൂനിറ്റും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.