വാപ്പു എഴുന്നേറ്റിരുന്നത് 45ാം വയസ്സിൽ
text_fields45ാം വയസ്സിൽ ജീവിതത്തിലാദ്യമായി എഴുന്നേറ്റിരുന്ന് വാപ്പു ദൈവത്തെ സ്തുതിച്ചു, പിന്നെ ഡോ. അജയ് രാഘവിനെയും. ഇതു കാണാൻ ഉമ്മയില്ലെന്ന സങ്കടം മാത്രമായിരുന്നു നെഞ്ചിൽ. ഇത് കേമ്പിൻകുന്നിലെ ചുണ്ടമ്പറ്റ മൊയ്തുപ്പയുടെ മകൻ മുഹമ്മദ് കോയ. വയസ്സ് 51.
പിറവിയിൽ കുഴപ്പങ്ങളില്ലാത്ത വാപ്പുവിന് 40ാം നാൾ അപസ്മാരം ബാധിച്ചു. കൈകാലുകൾ കുഴഞ്ഞ ശിശുവിനെയും കൊണ്ട് ദരിദ്രരായ കുടുംബം പോകാത്ത ഇടങ്ങളില്ല. പക്ഷേ, കിടന്ന പായയിൽ എഴുന്നേറ്റിരിക്കാനോ മുട്ടുകുത്താനോ ഭക്ഷണം കഴിക്കാനോ വിരലുകൾ മടക്കാൻ പോലുമോ കഴിഞ്ഞില്ല.
27 വർഷം ഉമ്മയുടെ കൈത്താങ്ങിൽ പിച്ചവെക്കേണ്ടി വന്നു വാപ്പുവിന്. ഒടുവിൽ ഏഴുവർഷം മുമ്പ് കരുവാരകുണ്ട് പാലിയേറ്റിവ് കെയറിൽ ഫിസിയൊതെറപ്പി യൂനിറ്റ് തുടങ്ങി. ഡോ. അജയ് രാഘവിെൻറയും സുമനസ്സുകളുടെയും പരിചരണം നിരവധി പേർക്കൊപ്പം വാപ്പുവിനും കിട്ടി.
മാസങ്ങളും വർഷങ്ങളും കടന്നുപോകുന്നതിനോടൊപ്പം വാപ്പുവിെൻറ കൈകാലുകളും കൈ വിരലുകളും അനങ്ങാൻ തുടങ്ങി.
അങ്ങനെ 47ാം വയസ്സിൽ ആനന്ദക്കണ്ണീർ നിറച്ച് എഴുന്നേറ്റിരുന്നു ഈ മധ്യവയസ്കൻ. പിന്നെ പിന്നെ മുട്ടുകുത്തി ഇഴഞ്ഞു, കിടന്നിട്ടാണെങ്കിലും സ്വന്തം കൈകൊണ്ട് ഭക്ഷണം കഴിച്ചു. ബാത്ത്റൂമിലും പോയി. ഇതിനിടെ 20 വർഷം മുമ്പ് ഉമ്മ ആയിശ പോയിരുന്നു.
അനാഥമായ വാപ്പുവിന് പിന്നെ തണലായത് സഹോദരി സുഹ്റയാണ്. കോവിഡ് വന്നതോടെ തെറപ്പി മുടങ്ങി. വിളിപ്പാടകലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തെറപ്പി തുടങ്ങിയിട്ടുണ്ടെങ്കിലും പോകാൻ പണമില്ല. നാട്ടുകാർ നിർമിച്ചുനൽകിയ വീട്ടിൽ വയോധികനായ പിതാവും സഹോദരിയും മാത്രമാണാശ്രയം.
ദാരിദ്ര്യവും കഷ്ടപ്പാടും ഉള്ളുലക്കുമ്പോഴും വാപ്പുവിെൻറ കണ്ണുകളിൽ നിറയുന്നത് പ്രതീക്ഷയുടെ തിളക്കമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.