വളാഞ്ചേരി ജങ്ഷനും വട്ടപ്പാറ മുഖ്യ വളവും കാമറക്കണ്ണിൽ
text_fieldsവളാഞ്ചേരി: വളാഞ്ചേരി നഗരസഭയും പൊലീസും സംയുക്തമായി ട്രാഫിക് പരിഷ്കരണത്തിെൻറ ഭാഗമായി വളാഞ്ചേരി ജങ്ഷനിലും വട്ടപ്പാറ മുഖ്യ വളവിലും നിരീക്ഷണത്തിനായി അത്യാധുനിക കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.
വട്ടപ്പാറ പ്രധാന വളവിലുണ്ടാകുന്ന അപകടങ്ങൾ നിരീക്ഷിക്കാനും ടൗണിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന വാഹനങ്ങൾ കണ്ടുപിടിക്കാനുമാണ് കാമറകൾ സ്ഥാപിക്കുന്നത്.
കോഴിക്കോട്, പട്ടാമ്പി, തൃശൂർ, പെരിന്തൽമണ്ണ റോഡുകളിലായി രാത്രിയിലും നിരീക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള അത്യാധുനിക കാമറകളാണ് സ്ഥാപിക്കുന്നത്. കാമറകളെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി പൊലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിൽ ബന്ധിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.
നഗരസഭ ഓഫിസിലും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിന് ടൈമറോടു കൂടിയ ട്രാഫിക് സിഗ്നൽ സംവിധാനവും ജങ്ഷനിൽ സ്ഥാപിക്കും. ടൗണിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ മാജിക് ക്രിയേഷൻ എന്ന സ്ഥാപനത്തിെൻറ സഹകരണത്തോടുകൂടിയാണ് ടൗണിൽ പരിഷ്കരണ പ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നത്.
വട്ടപ്പാറ ഇറക്കത്തിലെ പ്രധാന വളവുകളിൽ നീലയും ചുവപ്പും ഇടകലർന്ന ശക്തിയേറിയ ബ്ലിങ്കറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനത്തെ ദേശീയപാതകളിൽ സ്ഥാപിച്ച തരത്തിലുള്ള മൂന്ന് ഫ്ലാഷ് ലൈറ്റ് ബ്ലിങ്കറുകളാണ് സ്ഥാപിക്കുന്നത്.
ഇതിെൻറ പ്രകാശം ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നതിനാൽ അപകട സാധ്യത കുറയും. നേരത്തെ നഗരസഭ ഓഫിസിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് ടൗണിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതെന്നും മാർച്ച് 10നുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.