കമുക് കൃഷിയുടെ മറവിൽ പാടശേഖരങ്ങൾ തരംമാറ്റുന്നു
text_fieldsവാഴക്കാട്: കമുക് കൃഷിയുടെ മറവിൽ വാഴകൃഷി ചെയ്യുന്ന പാടശേഖരങ്ങൾ വ്യാപകമായി തരം മാറ്റുന്നതായി പരാതി. അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥസംഘം ഉടമയെ താക്കീത് നൽകി ഭൂമി പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകി.
വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ചെറുവട്ടൂർ-മണിയോട്ട് മൂല കുളത്ത് പുറത്ത് താഴം ഭാഗത്താണ് സംഭവം.
ഭൂമി തരം മാറ്റുന്നതിെൻറ ആദ്യപടിയായി ഒരു ഏക്കറോളം വരുന്ന ഈ പ്രദേശത്ത് വാഴ കൃഷി ചെയ്യുകയായിരുന്നു. വാഴക്കന്നുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ച് അത്യുൽപാദന ശേഷിയുള്ള കമുക് തൈകൾ നടുന്നു. കുലച്ച് മൂപ്പെത്തിയ വാഴക്കുലകൾ വെട്ടിമാറ്റുന്നതോടെ അതുവരേയും വാഴകൾക്കിടയിൽ മറഞ്ഞിരുന്ന കമുകിൻ തൈകൾ വെളിവാകുന്നു.
പിന്നീട് തൈകൾക്ക് തടം ശരിയാക്കി ചെമ്മണ്ണ് കൂട്ടിയിടുന്നു. ഈ രൂപത്തിലാണ് പാടശേഖരങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ കരഭൂമിയായി മാറുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി ഓഫിസറും സംഘവും ബുധനാഴ്ച സ്ഥലം സന്ദർശിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്തിെൻറ വിവിധയിടങ്ങളിൽ സമാനമായ ഭൂമി തരം മാറ്റൽ പ്രക്രിയ നടക്കുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. തുച്ഛവിലക്ക് നെൽ വയൽ വാങ്ങിച്ച് ഭൂമിയുടെ തരംമാറ്റൽ മുഖേന ലക്ഷങ്ങൾ സമ്പാദിക്കുന്ന ഭൂമാഫിയകളും ഈ മേഖലയിൽ പ്രവർത്തിച്ച് വരുന്നതായി വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.