വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നിയമനം: ഭരണസമിതിക്ക് തിരിച്ചടിയായി ഹൈകോടതി സ്റ്റേ
text_fieldsവാഴക്കാട്: കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. നേരത്തേ നടന്ന അഭിമുഖത്തിൽ പങ്കെടുത്ത ഒന്നാം റാങ്കുകാരനെ മറികടന്ന് രണ്ടാം റാങ്കുകാരനെ നിയമിക്കാനുള്ള നടപടിക്കെതിരെ ഒന്നാം റാങ്ക് നേടിയ ഡോ. നവാസ് നൽകിയ പരാതിയിലാണ് കോടതി നടപടി.
നവംബർ രണ്ടിനാണ് പഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ മെഡിക്കൽ ഓഫിസർ ഡോ. ബൈജുവിെൻറ നേതൃത്വത്തിൽ എട്ടുപേർ പങ്കെടുത്ത അഭിമുഖം നടന്നത്.
ഇൻറർവ്യൂ ബോർഡ് റാങ്ക് പട്ടിക തയാറാക്കി നിയമന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ഡോ. നവാസിനോട് ചിലർ നിയമന ഉത്തരവിനായി പണം ആവശ്യപ്പെടുകയായിരുന്നു. നൽകാൻ തയാറെല്ലന്ന് അറിയിച്ചതിനാൽ അവസരം നഷ്ടപ്പെടുമെന്നറിയിച്ചു. പ്രസ്തുത പട്ടിക പ്രകാരം ഒന്നാം റാങ്കുകാരൻ താനാെണന്നും മറ്റു ശ്രമങ്ങൾ തടയണമെന്നുമാവശ്യപ്പെട്ട് ഡോ. നവാസ് ജില്ല മെഡിക്കൽ ഓഫിസർക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകിയിരുന്നു.
സംഭവം വിവാദമായതോടെ പഞ്ചായത്ത് ഭരണസമിതി പട്ടിക റദ്ദാക്കി ഡോക്ടർ നിയമനത്തിന് പുതിയ അപേക്ഷ സ്വീകരിച്ച് ഈ മാസം അവസാനം അഭിമുഖം നടത്താൻ തീരുമാനിച്ചിരിക്കെയാണ് പുതിയ അഭിമുഖം നിർത്തിവെക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.നിയമനത്തിന് പണം ആവശ്യപ്പെട്ടത് വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതിയ അഭിമുഖത്തിന് കരുക്കൾ നീക്കിയത്. കോടതി ഉത്തരവോടെ നിലവിലെ റാങ്ക് പട്ടിക പ്രാബല്യത്തിൽവരുകയും പുതിയ അഭിമുഖത്തിന് വിലക്ക് വീഴുകയുമാണുണ്ടായത്.
സമാനമായി ഇതേ സ്ഥാപനത്തിൽ ആംബുലൻസ് ഡ്രൈവർ നിയമനവും വിവാദത്തിലായിരുന്നു. കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വി.പി.എസ് ഗ്രൂപ് സൗജന്യമായി അനുവദിച്ച ആംബുലൻസിന് ഡ്രൈവറെ നിയമിച്ചിട്ടില്ല. നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ട വിഷയത്തിൽ ഭരണകക്ഷിയുൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷി നേതാക്കൾ പലരും റാങ്ക് പട്ടിക റദ്ദാക്കൽ നടപടിക്കെതിരെ രംഗത്ത് വന്നതായും വാർത്തയുണ്ട്. യു.ഡി.എഫ് സംവിധാനത്തിൽ ലീഗ് -കോൺഗ്രസ് ഭരണം നടത്തുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.