നാടുവിട്ട ആളെ 47 ദിവസത്തിനുശേഷം കണ്ടെത്തി
text_fieldsവഴിക്കടവ്: നാടുവിട്ട ആളെ 47 ദിവസത്തിനുശേഷം കണ്ടെത്തി. മണിമൂളി കുറ്റിപ്പുറത്ത് അബ്ദുല്ലയെയാണ് (57) വഴിക്കടവ് പൊലീസ് ഇടുക്കിയിൽനിന്ന് കണ്ടെത്തിയത്. ഇയാളെ ആഗസ്റ്റ് ഒന്നുമുതൽ കാണാനില്ലെന്ന് കാണിച്ച് അഞ്ചിന് ഭാര്യ മൈമൂന പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഇയാൾ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ എത്തിയതായി വിവരം ലഭിച്ചു. ഇതിനിടെ അന്വേഷണം തൃപ്തികരമല്ല എന്നാരോപിച്ച് ഭാര്യ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശത്തെത്തുടർന്ന് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കി. സാംഗ്ലിയിൽനിന്ന് അബ്ദുല്ല ഗോവ, മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, എറണാകുളം, പെരുമ്പാവൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വന്നതായും പൊലീസിന് സൂചന ലഭിച്ചു. ഇതിനിടെ, കാണാതായ അബ്ദുല്ലയെ അപായപ്പെടുത്തിയതായും ഇനി നോക്കേണ്ടെന്നും പറഞ്ഞ് മുൻ ഭർത്താവിലുള്ള മകന്റെ പേരിൽ പരാതിക്കാരിക്ക് മെസേജ് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി അജ്ഞാത മൃതദേഹങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് കാണാതായ ആൾ അന്വേഷണം വഴിതിരിച്ച് വിടുന്നതിനും പൊലീസിനെ വട്ടംചുറ്റിക്കാനും ചെയ്തതായും കണ്ടെത്തി. കൈയിലെ പണം തീർന്നതിനാൽ ഇടുക്കി മുരിക്കശ്ശേരി വിശ്വഗുരുകുലത്തിൽ സ്വാമി ശശിധരാനന്ദ എന്ന വ്യാജ പേരിൽ സ്വാമിയായും ഇയാൾ കഴിഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും വന്ന സ്ഥലങ്ങളിൽ സ്ഥിരമായി താമസിക്കാത്തതുമാണ് അന്വേഷണസംഘത്തിന് വെല്ലുവിളി സൃഷ്ടിച്ചത്.
അന്വേഷണസംഘത്തിൽ എസ്.ഐ ടി. അജയകുമാർ, പ്രബേഷൻ എസ്.ഐ ടി.എസ്. സനീഷ്, പൊലീസുകാരായ റിയാസ് ചീനി, കെ.പി. ബിജു, എസ്. പ്രശാന്ത് കുമാർ എന്നിവരുമുണ്ടായിരുന്നു നിലമ്പൂർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.