ഒറ്റയാൻ ജനവാസ കേന്ദ്രത്തിലിറങ്ങി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsവഴിക്കടവ്: ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാന്റെ ആക്രമണത്തില്‍നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തിയ ഒറ്റയാന് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ആനമറി ഈന്തന്‍കുഴിയന്‍ മുഹമ്മദാലിയാണ് ചീറിയടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
നെല്ലിക്കുത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ആനമറി ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാന് വീടുകളോട് ചേര്‍ന്നുള്ള കാര്‍ഷികവിളകള്‍ നശിപ്പിച്ച് കടന്നുപോകുന്നതിനിടയിലാണ് സംഭവം. നാട്ടുകാര്‍ ഒച്ചവെച്ച് ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന മുഹമ്മദാലിയുടെ നേരെ ആന ചീറിയടുക്കുകയായിരുന്നു.
മുഹമ്മദാലി ഓടി വീടിനുള്ളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് മുഹമ്മദാലിയുടെ വീടിന് മുമ്പില്‍നിന്ന് ഒറ്റയാന് പോയത്. ഈ സമയമത്രയും മുഹമ്മദാലിയും ഭാര്യയും രണ്ട് മക്കളും പേടിച്ചരണ്ടാണ് ചെറിയ വീട്ടിനുള്ളില്‍ കഴിഞ്ഞുകൂടിയത്.
കുളപ്പറ്റ കൃഷ്ണന്, ഉള്ളാട്ടില്‍ മുഹമ്മദ്, പുളിക്കലകത്ത് റുഖിയ, ഈന്തന്‍കുഴിയന്‍ മുഹമ്മദാലി, പൂക്കാട്ടിരി ഉദയകുമാര്‍ എന്നിവരുടെ കൃഷിയിടങ്ങളില്‍ കഴിഞ്ഞ ദിവസം ഒറ്റയാന് വ്യാപക നാശം വരുത്തിയിരുന്നു. നേരം പുലര്‍ന്നതിന് ശേഷമാണ് ആന കാടുകയറുന്നത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ഇവിടെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിറവേറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. പുലര്‍ച്ചെ മദ്റസയില്‍ പോകുന്ന വിദ്യാര്‍ഥികളും ടാപ്പിങ് തൊഴിലാളികളും പുലി, ആന എന്നിവയുടെ സാന്നിധ്യം മൂലം കടുത്ത ഭീതിയിലാണ്.
കാട്ടാനശല്യം ചെറുക്കാന്‍ ഈ മേഖലയില്‍ മൂന്ന് കിലോമീറ്റര്‍ ദൈർഘ്യത്തിൽ തൂക്കു ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരുന്നുണ്ട്. എന്നാല്‍, നെല്ലിക്കുത്ത് വനം ഔട്ട്പോസ്റ്റ് മുതല്‍ ആനമറി വനം സ്റ്റേഷന് വരെയുള്ള ഭാഗത്തേക്ക് തൂക്കു ഫെന്‍സിങ് നിര്‍മിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഫെന്‍സിങ് നൂറു മീറ്റര്‍ കൂടി നീട്ടിയാല്‍ ആനമറി ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്ന് ജനങ്ങള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.