ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ 108.5 ഹെക്ടറിൽ പച്ചക്കറി കൃഷി
text_fieldsമലപ്പുറം: ഓണം വിപണി ലക്ഷ്യമാക്കി ജില്ലയിൽ ഒമ്പത് ബ്ലോക്കുകളിലായി 108.5 ഹെക്ടറിൽ പച്ചക്കറി ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കൃഷി പുരോഗമിക്കുന്നത്. വളാഞ്ചേരി 29, പെരിന്തൽമണ്ണ 20, വേങ്ങര 15, നിലമ്പൂർ 14, മലപ്പുറവും വണ്ടൂരും 10 വീതം, പരപ്പനങ്ങാടിയും കൊണ്ടോട്ടിയും എന്നിവ നാല് വീതം, പൊന്മുണ്ടം 2.5 ഹെക്ടറിലുമാണ് കൃഷി നടത്തുന്നത്. വളാഞ്ചേരി ബ്ലോക്കിൽ ഒന്നിച്ച് മാത്രം 25 ഹെക്ടറിൽ കൃഷിയുണ്ട്. പലയിടങ്ങളിലായി നാല് ഹെക്ടറുമുണ്ട്. എടയൂർ മുളകിനായി പ്രത്യേകം കൃഷിയുണ്ട്.
പെരിന്തൽമണ്ണ ബ്ലോക്കിലെ ആലിപ്പറമ്പിൽ ചേന കൃഷി വ്യാപകമാണ്. കൊണ്ടോട്ടി-വേങ്ങര ബ്ലോക്കുകളിൽ പലയിടങ്ങളിലായിട്ടാണ് കൃഷി. കൃഷി പ്രോത്സാഹനത്തിനായി ജൂൺ അഞ്ച് മുതൽ വിത്ത് വിതരണം കൃഷി വകുപ്പ് ആരംഭിച്ചിരുന്നു. ജൂലൈ ആദ്യത്തോടെ ബ്ലോക്ക് തലങ്ങളും ഗ്രാമപഞ്ചായത്ത് കൃഷി ഭവനുകളും കേന്ദ്രീകരിച്ച് തൈകളും വിതരണത്തിന് എത്തിച്ചു. ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ ചില ബ്ലോക്കുകളിൽ ഓണം പച്ചക്കറി കൃഷി അൽപം നീട്ടി.
കോൾ മേഖലയിലടക്കം കാലാവസ്ഥ നോക്കിയതിന് ശേഷം മാത്രമേ കൃഷി ആരംഭിക്കൂ. ഇക്കാര്യത്തിൽ കൃഷി ഭവനുകൾ വഴി കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല പ്രിൻസിപ്പൽ കൃഷി വകുപ്പ് അറിയിച്ചു.
പ്രധാനമായും പയർ, വെണ്ട, ചിരങ്ങ, പടവലം, വഴുതന, മുളക് (എടയൂർ), ചേന, മത്തൻ, കുമ്പളം, കക്കിരി, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ഇവ സെപ്റ്റംബർ ആദ്യത്തോടെ വിളവെടുപ്പിന് പാകമാകും. ഓണം ആരംഭിക്കുന്നതോടെ പച്ചക്കറി ഉൽൽന്നങ്ങൾ പ്രാദേശിക വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു. ഇത് പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ ഒരുപരിധി വരെ സഹായിക്കുമെന്നും കൃഷി വകുപ്പ് വ്യക്തമാക്കി. വിപണി വിലയുടെ 10 ശതമാനം ഉയർന്ന നിരക്ക് നൽകി കർഷകരുടെ ഉൽപന്നങ്ങൾ നേരിട്ട് കൃഷി വകുപ്പ് ഏറ്റെടുക്കും. പൂർണമായും ജൈവ ഉൽപന്നങ്ങളാണെങ്കിൽ 20 ശതമാനം ഉയർന്ന നിരക്കിലും കൃഷി വകുപ്പ് വാങ്ങും. ഇവ വില നിയന്ത്രണത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ചന്തകളിലൂടെ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തും. സെപ്റ്റംബർ 11, 12, 13, 14 തീയതികളാണ് ഓണ വിപണി സംഘടിപ്പിക്കാൻ ഏകദേശ ധാരണയായിട്ടുള്ളത്.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കാർഷിക ഓണച്ചന്തകൾ തുടങ്ങാൻ അധികൃതർക്ക് പദ്ധതിയുണ്ട്. ഇതുവഴി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്താനാകും. ജില്ലയിലേക്കാവശ്യമായ പച്ചക്കറി ഉൽപന്നങ്ങൾ കുറവുണ്ടെങ്കിൽ പരിശോധിച്ച് ഹോർട്ട് കോർപ്പ് വഴി എത്തിക്കാനും സൗകര്യമൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.