ജനവാസ കേന്ദ്രത്തിനില്ലാത്ത കടൽഭിത്തി ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിനും വേണ്ടെന്ന് നാട്ടുകാർ; കല്ലിടൽ തടഞ്ഞു
text_fieldsവെളിയങ്കോട് (മലപ്പുറം): ജനവാസ കേന്ദ്രത്തിൽ കടൽഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം ശക്തമാവുന്നു. വെളിയങ്കോട് കല്ലിടൽ പ്രവൃത്തികൾ നാട്ടുകാർ തടഞ്ഞു. വെളിയങ്കോട് പത്തുമുറി ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിനായി സംരക്ഷണഭിത്തി നിർമക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്.
പൊന്നാനി താലൂക്കിൽ കടലാക്രമണ ദുരിതം ഏറെ അനുഭവിക്കുന്ന മേഖലകളിലൊന്നായ പത്തുമുറി ജനവാസ കേന്ദ്രത്തിൽ കല്ലിടാതെ ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിന്‍റെ സംരക്ഷണത്തിന് മാത്രമായി കല്ലിടുന്നതിനെതിരെയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്. പത്തുമുറി മേഖലകളിലെ നിരവധി വീടുകൾ കടലാക്രമണത്തിൽ തകർന്നിട്ടും കടൽഭിത്തി നിർമിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
കൂടാതെ ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിനായി കല്ലിടുമ്പോൾ തീരദേശ മേഖലയിലെ ഇരുഭാഗത്തുമുള്ള ജനവാസ മേഖലയിലേക്ക് കടലാക്രമണം വർധിക്കുകയാണ് ചെയ്യുക. കഴിഞ്ഞ കടലാക്രമണത്തിൽ നാല് വീടുകൾ മേഖലയിൽ തകർന്നിരുന്നു. 25 വർഷത്തോളമായി ഈ മേഖലയിൽ കല്ലിട്ടിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിനെതുടർന്ന് തണ്ണിത്തുറ, പത്തുമുറി മേഖലയിലെ നൂറോളം വീടുകളിലേക്ക് കടൽ ഇരച്ചുകയറിയിരുന്നു.
എന്നാൽ, ദുരിതബാധിതർക്ക് ഒരു സഹായവും ലഭിച്ചില്ലെന്നും പരാതിയുണ്ട്. കല്ലിടൽ പ്രവൃത്തി തടഞ്ഞതോടെ ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പൊന്നാനി കടലോരത്ത് ടെട്രാപോഡ് മാതൃകയിൽ കടൽഭിത്തി നിർമിക്കാൻ തീരുമാനമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ടെൻഡർ ആകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
ഇതോടെ ഹാച്ചറിക്ക് സമീപത്തെ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിഷേധത്തിന് വാർഡ് മെമ്പർ മുക്രിയകത്ത് മുസ്തഫ, എം.എം. ബാദുഷ, ടി.എം. മൊയ്തീൻ, എം.പി. ഫാറൂഖ്, സമീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.