ദേശീയപാത നിർമാണം; പുതുപൊന്നാനി പാലത്തിൽ ഗതാഗതം പ്രയാസമാകും
text_fieldsവെളിയങ്കോട്: ദേശീയപാത നിർമാണം പൂർത്തിയായാലും പുതുപൊന്നാനി പാലത്തിലൂടെയുള്ള ഗതാഗതം പ്രയാസമാകുമെന്ന് പരാതി. ദേശീയപാതയുടെ വീതിക്കനുസരിച്ച് പഴയ പാലത്തിന് വീതിയില്ലാത്തതാണ് കാരണം.
വീതി കുറഞ്ഞ പഴയ പാലത്തിലൂടെ ഒരേ സമയം രണ്ട് വാഹനങ്ങൾക്കേ പോകാനാകൂ. പ്രാദേശിക യാത്രക്കായി സർവിസ് റോഡിലൂടെ വന്ന് പാലത്തിൽ കയറി വീണ്ടും സർവിസ് റോഡിലെത്തണം.
പഴയ പാലത്തിലൂടെയായിരിക്കും തെക്കോട്ടുള്ള യാത്ര. തെക്കോട്ടുള്ള യാത്രയിൽ റോഡിന്റെ വീതിക്കനുസരിച്ച് പാലത്തിലെത്തുമ്പോൾ ആകെ രണ്ട് വാഹനങ്ങൾക്കുള്ള വീതിയേ ഉണ്ടാകൂ. ഭാവിയിലെ വാഹനങ്ങളുടെ വർധന എന്ന പരിഗണന ഇവിടെ അസാധ്യമാണ്. ഉയരക്കുറവുള്ള പാലത്തിന്റെ പേരിൽ സ്കൂൾ ബസുകൾക്കും ആംബുലൻസിനും സർവിസ് റോഡിൽനിന്ന് തിരിയാൻ പാകത്തിൽ യൂടേണുമില്ലാത്ത സ്ഥിതിയാണ്.
അതേസമയം, പുതുപൊന്നാനി പാലത്തിന്റെ അടിയിൽ വെളിയങ്കോട് പഴയകടവ് പ്രദേശത്ത് നിർമാണ പ്രവൃത്തി നടക്കുന്ന ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള സർവിസ് റോഡുകൾ പാലത്തിലൂടെ ബന്ധിപ്പിക്കാതെ പുഴയോട് ചേർന്ന് അവസാനിക്കുകയാണ്.
നിലവിൽ നിർമിക്കുന്ന പാലങ്ങൾക്കടിയിലൂടെ ഇരുവശങ്ങളിലുമുള്ള സർവിസ് റോഡുകൾ ബന്ധിപ്പിച്ച് യൂടേൺ സൗകര്യം ചെയ്യാമെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
എന്നാൽ, നിലവിലെ പഴയ പാലം പൊളിക്കാതെ പുതിയ ദേശീയപാത നിർമാണത്തിൽ ഒരു വശത്തേക്ക് ഉപയോഗപ്പെടുത്തുകയാണ്. പഴയ പാലത്തിന് ഉയരക്കുറവുള്ളതിനാൽ അവശ്യ സർവിസുകളായ ഫയർഫോഴ്സ്, ആംബുലൻസ്, ബസ് അടക്കമുള്ള വാഹനങ്ങൾ പോലും കടന്നുപോകാനുള്ള ഉയരം ഇവിടെ ഇല്ല. വെളിയങ്കോട് ടൗൺ കഴിഞ്ഞാൽ സർവിസ് റോഡിലൂടെ തെക്ക് ഭാഗത്തുനിന്ന് വടക്ക് ഭാഗത്തേക്ക് പോകുന്നതിനുള്ള ഏക മാർഗവും ഈ യു ടേൺ ആണ്.
പാലത്തിന്റെ ഉയരക്കുറവ് മൂലം കിഴക്ക് ഭാഗത്ത് പ്രവത്തിച്ചുകൊണ്ടിരിക്കുന്ന ഗവ. എൽ.പി സ്കൂൾ, ഉമരി ഇംഗ്ലീഷ് സ്കൂൾ, വനിത അറബിക് കോളജ് എന്നിവിടങ്ങളിലേക്കുള്ള സ്കൂൾ ബസുകളടക്കക്കമുള്ള വാഹനങ്ങൾക്കും കടന്നുപോകാൻ സാധ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.