വെളിയങ്കോട് നരണിപ്പുഴ-കുമ്മിപ്പാലം ബണ്ട് തകർന്നു; 200 ഏക്കർ കൃഷി മുങ്ങി
text_fieldsവെളിയങ്കോട്: പൊന്നാനി കോൾ മേഖലയിലെ പ്രധാന കോൾ നിലമായ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലുൾപ്പെട്ട നരണിപ്പുഴ - കുമ്മിപ്പാലം കോൾ പടവിന്റെ ബണ്ട് തകർന്ന് 200 ഏക്കർ കൃഷി മുങ്ങി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പുഞ്ചകൃഷി നടീൽ നടക്കുന്നതിനിടെയാണ് 50 മീറ്റർ ബണ്ട് ഒലിച്ചുപോയത്.
അഞ്ചുമാസം മുമ്പ് പണി പൂർത്തിയാക്കിയ ബണ്ടാണിത്. 40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇവിടെ വിതച്ച 5620 കിലോ ഉമ നെൽ വിത്ത് ഒലിച്ചുപോയി. സ്ഥിരം ബണ്ടെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം പൂർത്തീകരിച്ചതിനെത്തുടർന്ന് ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് കൃഷിയിറക്കിയത്. ബണ്ട് നിർമിച്ച ഉടൻ ഇതിന്റെ 50 മീറ്റർ ഭാഗം താഴ്ന്നിരുന്നു. ഈ ഭാഗമാണ് ഇപ്പോൾ തകർന്നത്. 200 ഏക്കറിലാണ് 150 മൂപ്പുള്ള ഉമ നെൽ വിത്തിറക്കിയത്.
ബണ്ട് തകർന്നതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് കുത്തിയൊലിക്കുകയും വിത്തുകൾ പൂർണമായി നശിക്കുകയുമായിരുന്നു. അതേസമയം, മൂന്ന് കിലോമീറ്ററിൽ ബണ്ട് നിർമാണത്തിനൊപ്പം നടക്കേണ്ട അനുബന്ധ പ്രവൃത്തികളായ റാമ്പ്, സ്ലൂയിസ്, എൻജിൻ തറ എന്നിവയുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മോട്ടോർ ഷെഡ്, രണ്ട് സ്ലൂയിസുകൾ, രണ്ട് റാമ്പുകൾ എന്നിവ പുതുതായി നിർമിക്കുകയും ഉൾതോടിന്റെ നവീകരണം നടത്തുകയും ചെയ്യുമെന്നാണ് പറഞ്ഞതെങ്കിലും നടപ്പായിട്ടില്ല. ബണ്ട് നിർമാണത്തിന് തടസ്സമില്ലാതിരിക്കാൻ കഴിഞ്ഞ വർഷം കൃഷിയിറക്കേണ്ടെന്ന തീരുമാനവും കർഷകർ കൈക്കൊണ്ടിരുന്നു.
കാലങ്ങളായുള്ള കർഷകരുടെ മുറവിളികൾക്കൊടുവിൽ രണ്ട് വർഷം മുമ്പ് ബണ്ട് നിർമാണത്തിന് തുക അനുവദിച്ചെങ്കിലും നിർമാണം വൈകി. ഇതേതുടർന്ന് കർഷകർ പ്രതിഷേധത്തിലായിരുന്നു. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എൻജിൻ തറകളുടെ നിർമാണത്തിനുമായി 3.9 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചിരുന്നു. കെ.എൽ.ഡി.യുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. 220 ഏക്കർ വിസ്തൃതിയും വർഷം തോറും 600 ടൗൺ വരെ നെല്ല് സംഭരിക്കുന്നതുമായ ഈ പാടശേഖരത്തെ ആശ്രയിച്ച് ഇരുനൂറ്റി അമ്പതോളം കർഷകരും നൂറുകണക്കിന് കർഷക തൊഴിലാളികളുമാണ് കഴിയുന്നത്. ബണ്ട് തകർന്നതിൽ അധികാരികൾ അടിയന്തര നടപടിയെടുക്കണമെന്ന് പാടശേഖര ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.