തോട്ടശ്ശേരിയറയിൽ വീണ്ടും മയക്കുമരുന്ന് വേട്ട;25 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsവേങ്ങര: തോട്ടശ്ശേരിയറയിൽ എം.ഡി.എം.എയുമായി ഹോം അപ്ലയൻസസ് ഉടമ പിടിയിലായി. തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്നും ഒരുലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായി വേങ്ങര പൊലീസ് ഹൗസ് ഓഫിസർ ദിനേശ് കോറോത്ത് പറഞ്ഞു. തോട്ടശ്ശേരിയറയിൽ പ്രവർത്തിക്കുന്ന ഹോം അപ്ലയൻസസ് കടയുടെ മറവിലാണ് ലഹരി വസ്തുക്കൾ വിറ്റിരുന്നത്.
ലഹരി കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. കുറഞ്ഞവിലക്ക് ഗൃഹോപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനത്തിലേക്ക് ബംഗളൂരുവിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബംഗളൂരുവിൽനിന്നും നാട്ടിലേക്ക് ലഹരി കടത്ത് സംഘം കടത്തിയിരുന്നത്. ഇത്തരത്തിൽ വൻതോതിൽ ലഹരി വസ്തുക്കൾ ഇയാൾ ഉൾപ്പെട്ട സംഘം കടത്തിയിരുന്നതായി സംശയിക്കുന്നു.
ഇയാളുടെ സഹോദരനെ 10 ഗ്രാം എം.ഡി.എം.എയുമായി രണ്ടുമാസം മുമ്പ് പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. സഹോദരങ്ങൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതായി അറിയുന്നു. സംഘത്തിൽ പെട്ടവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. ജില്ല പൊലീസ് മേധാവി എസ്. ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര ഇൻസ്പക്ടർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിൽ ഡി.എ.എൻ.എസ്.എ. എഫ് സംഘവും വേങ്ങര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.