സ്വന്തം വീട്ടിൽ ഒരു ദിവസമെങ്കിലും അന്തിയുറങ്ങാൻ കൊതിച്ച് 90കാരി
text_fieldsവേങ്ങര: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിെൻറ മുഴുവൻ പണിയും പൂർത്തീകരിച്ചെങ്കിലും വൈദ്യുതി ലഭിക്കാതെ 90 വയസ്സിനോടടുത്ത രോഗിയായ വയോധികയുടെ കുടുംബം ദുരിതത്തിൽ.
കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ചേറൂരിലെ സി.എം. സുബൈദയും കുടുംബവുമാണ് വൈദ്യുതി ലഭിക്കാത്തതിനാൽ ദുരിതത്തിലായത്. രോഗം കാരണം ശയ്യാവലംബിയായ സുബൈദയും ഇവരുടെ മകളും മരുമകനുമടങ്ങുന്ന കുടുംബമാണ് വീടുപണി പൂർത്തിയായിട്ടും വാടക നൽകി വാടകമുറിയിൽ കഴിയേണ്ടി വരുന്നത്.
മരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടിൽ ഒരു ദിവസമെങ്കിലും കിടന്നുറങ്ങാനുള്ള മോഹം മാത്രമേ ബാക്കിയുള്ളുവെന്ന് സുബൈദ പറയുന്നു. മകൾക്കും രോഗം കാരണം ജോലിക്ക് പോവാൻ കഴിയാത്ത അവസ്ഥയുണ്ട്.
വേങ്ങര കെ.എസ്.ഇ.ബി ഓഫിസിൽ അന്വേഷിക്കുമ്പോൾ ഉടനെ ശരിയാക്കാമെന്ന മറുപടിയാണ് ലഭിക്കുന്നത്. മൂന്ന് മാസമായി വൈദ്യുതി ഓഫിസ് കയറി ഇറങ്ങിയിട്ടും വൈദ്യുതി ലഭിക്കാനുള്ള കാലതാമസം മറികടക്കാനായില്ലെന്നു സുബൈദ പരിഭവിക്കുന്നു.
ചേറൂർ പടപ്പറമ്പിൽ ആൾത്താമസമേറെയില്ലാത്ത ഇൗ ഭാഗത്ത് വൈദ്യുതി ലഭിക്കാതെ താമസിക്കാനാവില്ലെന്നു വാർഡ് അംഗം യു. സക്കീനയും പറയുന്നു.
അതേസമയം ഈ വീട്ടിൽ വൈദ്യുതി കണക്ഷൻ നൽകാൻ വൈദ്യുതി തൂണുകളുടെ ആവശ്യമുണ്ടെന്നും തൂണുകൾ വേങ്ങര സെക്ഷൻ ഓഫിസിൽ സ്റ്റോക്ക് ഇല്ലെന്നും വേങ്ങര കെ.എസ്.ഇ.ബി അധികൃതർ പറയുന്നു.
ഇപ്പോൾ വൈദ്യുതി തൂണുകളുടെ അലോട്ട്മെൻറ് ആയിട്ടുണ്ടെന്നും തൂണുകൾ ലഭിക്കുന്ന മുറക്ക് സുബൈദയുടെ വീടിന് വൈദ്യുതി കണക്ഷൻ നൽകുമെന്നും വേങ്ങര കെ.എസ്.ഇ.ബി അസി. എൻജിനീയർ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.