വേങ്ങരയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ
text_fieldsവേങ്ങര: അന്താരാഷ്ട്ര വിപണിയിൽ അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനുമായി മൂന്നുപേർ പിടിയിൽ. ആഡംബര കാറിൽ വിൽപനക്ക് കൊണ്ടുവന്ന ക്രിസ്റ്റൽ രൂപത്തിലുള്ള 33 ഗ്രാം എം.ഡി.എം.എയുമായി വേങ്ങര അരീക്കുളം സ്വദേശി കല്ലൻ ഇർഷാദ് (31), കിളിനക്കോട് സ്വദേശി തച്ചരുപടിക്കൽ മുഹമ്മദ് ഉബൈസ് (29), മുന്നിയൂർ ആലിൻചോട് സ്വദേശി അബ്ദുസ്സലാം (30) എന്നിവരാണ് വേങ്ങര പറമ്പിൽപടി അമ്മഞ്ചേരി കാവിന് സമീപത്ത് പിടിയിലായത്.
ഡി.ജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്നതും മാരകശേഷിയുള്ളതുമായ മയക്കുമരുന്നുകളാണിത്. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് ജില്ലയിലേക്ക് ചില കൊറിയർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കുമരുന്നുകൾ എത്തുന്നതായി എസ്.പി എസ്. സുജിത്ത് ദാസിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, വേങ്ങര സി.ഐ ആദംഖാൻ, എസ്.ഐ ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
മൂന്നുതവണ ഇത്തരത്തിൽ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ഏജൻറുമാർ മുഖേന ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിച്ചതായി പ്രതികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ല ആൻറിനാർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, വേങ്ങര സ്റ്റേഷനിലെ സി.പി.ഒമാരായ ഷിജു, പ്രദീപ്, അഗസ്റ്റിൻ, മുജീബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.