ക്ലീൻ വേങ്ങര: സ്റ്റേക്കെതിരെ പഞ്ചായത്ത് കോടതിയിലേക്ക്
text_fieldsവേങ്ങര: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാന പാതയിൽ വേങ്ങര കൂരിയാട് മുതൽ ഗാന്ധിദാസ് പടിവരെ റോഡിനിരുപുറവുമുള്ള അനധികൃത നിർമാണം പൊളിച്ചു മാറ്റുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വേങ്ങര ഗ്രാമ പഞ്ചായത്ത് കോടതി കയറാനൊരുങ്ങുന്നു.
അനധികൃത നിർമാണം പൊളിച്ചു മാറ്റുന്നതിനെതിരെ വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കൂട്ടായെടുത്ത തീരുമാനം നടപ്പാക്കുന്നതിനെതിരെ ഭരണകക്ഷി അംഗം തന്നെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് ഭരണസമിതിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതേസമയം സ്റ്റേക്കെതിരെ ഹൈക്കോടതിയിൽ തിങ്കളാഴ്ച കേസ് ഫയൽ ചെയ്യുമെന്ന് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉപജീവനത്തിനു വേണ്ടി ഉന്തുവണ്ടിയിൽ തെരുവ് കച്ചവടം നടത്തുന്ന പാവപ്പെട്ടവരുടെ കാര്യത്തിൽ അനുഭാവപൂർണ്ണമായ സമീപനമുണ്ടാവുമെന്നും അവർ സൂചിപ്പിച്ചു.
വ്യാപാരികൾ നിയമം പാലിക്കും -പി. അസീസ് ഹാജി
വേങ്ങര: നഗരത്തിലെ അനധികൃത നിർമാണപ്രവർത്തനങ്ങൾക്കെതിരെയും, നഗര സൗന്ദര്യവത്കരണത്തിനും ഗ്രാമ പഞ്ചായത്തും പൊതുമരാമത്തു വകുപ്പും സ്വീകരിക്കുന്ന നടപടികളോട് വ്യാപാരികൾ സഹകരിക്കുമെന്നും അതോടൊപ്പം മനുഷ്യത്വപരമായ സമീപനങ്ങൾ അധികാരികളുടെ ഭാഗത്തു നിന്നു ഉണ്ടാവണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പി. അസീസ് ഹാജി പ്രതികരിച്ചു.
ഉന്തുവണ്ടിക്കാരെ വഴിയാധാരമാക്കരുത് -ബഷീർ പുല്ലമ്പലവൻ
വേങ്ങര: നഗരസൗന്ദര്യവത്കരണ പേരിൽ ഉന്തുവണ്ടി കച്ചവടക്കാരെ തെരുവിൽനിന്ന് ഓടിച്ചു വിടുന്നത് നീതീകരിക്കാനാവില്ലെന്ന് വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പാലവൻ. നിത്യവൃത്തിക്കു കഷ്ടപ്പെടുന്ന ഇക്കൂട്ടർക്ക് പകരം സംവിധാനമൊരുക്കാൻ ഗ്രാമ പഞ്ചായത്തിനു ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.