ക്ലീൻ വേങ്ങര: ഹൈകോടതി ഇടപെടൽ
text_fieldsവേങ്ങര: മലപ്പുറം-പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കൂരിയാട് മുതൽ ഗാന്ധിദാസ് പടിവരെ റോഡിനിരുപുറവുമുള്ള അനധികൃത നിർമാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പൊളിച്ചു മാറ്റുന്നത് ഹൈകോടതി നിർത്തിവെപ്പിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗവും ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ വേങ്ങര മേഖല സെക്രട്ടറിയുമായ തോട്ടശ്ശേരി മൊയ്തീൻ കോയ പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ ഒന്നാം കക്ഷിയും വേങ്ങര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രണ്ടും പ്രസിഡന്റ് മൂന്നും കക്ഷികളായി അഡ്വ. പി.ടി. ഷീജിഷ് മുഖേന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
ഗ്രാമ പഞ്ചായത്ത് അധികൃതർ മറ്റു വകുപ്പുകളുമായി ചേർന്ന് പൊളിക്കാൻ എടുത്ത തീരുമാനത്തിൽ പഞ്ചായത്ത് അംഗങ്ങൾക്ക് നേരത്തെ യോജിപ്പുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റൽ തുടങ്ങിയപ്പോൾ തന്നെ വ്യാപാരികളും പഞ്ചായത്ത് അംഗങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പ്രവാസം മതിയാക്കി പഞ്ചായത്ത് അംഗങ്ങളായ ചിലർ നാട്ടുകാർക്കെതിരെ കയർത്തു സംസാരിച്ചത് ആളുകൾ നേരത്തെ ചോദ്യം ചെയ്യുകയും ചെയ്തു. കേസിന്റെ വിശദമായ വാദം ഏഴിന് നടക്കും. സർക്കാറിന് വേണ്ടി ഗവ. പ്ലീഡർ കെ.വി. മനോജ്കുമാറാണ് കോടതിയിൽ ഹാജരായത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ സംസ്ഥാന പാതയോട് ചേർന്നുള്ള കെട്ടിടങ്ങളുടെ മുൻഭാഗത്ത് റോഡ് താഴ്ചയിൽ കുഴിച്ചു മാറ്റുന്നത് ബിൽഡിങ്ങിലേക്കുള്ള വാഹന ഗതാഗത്തിന് തടസ്സം സൃഷ്ടിക്കുന്നതാണെന്ന് കെട്ടിട ഉടമകൾ പറഞ്ഞു.
നോട്ടീസ് നൽകുകയോ ഉടമകളെ മുൻകൂട്ടി വിവരമറിയിക്കുകയോ ചെയ്യാതെയാണ് പൊതുമരാമത്ത് നീക്കൽ നടപടി സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. അതേസമയം പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നെടുത്ത തീരുമാനത്തെ ഭരണസമിതി അംഗം തന്നെ കോടതിയിൽ ചോദ്യം ചെയ്തത് ഭരണസമിതിയെ പരിഹാസ്യരാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.