ദേശീയപാത നിർമാണം: കൊളപ്പുറത്ത് തുടങ്ങാൻ രണ്ടുമാസം വൈകും
text_fieldsവേങ്ങര: ദേശീയപാത നിർമാണത്തിൽ കൊളപ്പുറത്തെ പ്രവർത്തനങ്ങൾക്ക് രണ്ടുമാസത്തേക്ക് വീണ്ടും ഹൈകോടതി സ്റ്റേ. പാത നിർമാണ ഭാഗമായി നിലവിലെ അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാന പാത മുറിച്ചുമാറ്റിയതിനാൽ കൊളപ്പുറം സമരസമിതി അടക്കമുള്ളവരാണ് ഹൈകോടതിയെ സമീപിച്ചത്. എട്ടു മാസമായി ഇവിടെ പ്രവൃത്തിക്ക് സ്റ്റേയുണ്ട്. കൊളപ്പുറത്ത് ദേശീയപാത വികസനം അശാസ്ത്രീയമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. വികസനം വരുമ്പോൾ പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാനപാത തടസ്സപ്പെടുകയും കൊളപ്പുറം സൗത്തിലേക്ക് വഴി അടയുകയും ചെയ്യും. ഇതോടെ സൗത്ത് കൊളപ്പുറത്തുകാർ ഒറ്റപ്പെടും. കൊളപ്പുറത്തെ നിർദ്ദിഷ്ട ഫയർസ്റ്റേഷൻ, ഹൈസ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ചു കിലോമീറ്ററിലധികം വളഞ്ഞ് എത്തേണ്ടി വരും. ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റിക്കറങ്ങണം. ഭാവിയിൽ വിദ്യാർഥികൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. കൊളപ്പുറം ഗവ. ഹൈസ്കൂളിന് പിറകുവശത്ത് അനുവദിച്ച റോഡാണ് വാഹനങ്ങൾ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇവിടെയാണ് പ്രവൃത്തി നടത്തരുതെന്ന് ഹൈകോടതി ജഡ്ജി ടി.ആർ. രവി ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റേറ്റ് ഹൈവേ മുറിച്ച് മാറ്റിയ സ്ഥലത്ത് മേൽപാലം പണിയണമെന്നാണ് സമരസമിതി ആവശ്യം. സമരസമിതിക്കായി അഡ്വ. തൻവീർ അഹമ്മദ്, കൊളപ്പുറം ഗവ. ഹൈസ്കൂൾ പി.ടി.എക്കായി അഡ്വ. നൂറാ അലി, ഡാനിഷ് മുഹമ്മദ് ഷാ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.