കോവിഡ്: വേങ്ങരയിൽ കൺട്രോൾ റൂം തുറന്നു
text_fieldsവേങ്ങര: വേങ്ങരയിൽ നിയുക്ത എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സജ്ജം. ഊരകം കുന്നത്ത് ബ്ലോക്ക്, പഞ്ചായത്ത്, വാർഡുതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോവിഡ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. വാർഡുതല ആർ.ആർ.ടി പ്രവർത്തകരുടെ പ്രവർത്തനങ്ങളെയും ഇതിലൂടെ ഏകോപിപ്പിക്കാനാവും. പഞ്ചായത്തുകളുടെ കോവിഡ് വാർ റൂമുകളുടെ പ്രവർത്തനങ്ങളെ സഹായിക്കുക, മണ്ഡലത്തിൽ ആവശ്യമായി വരുന്ന കോവിഡ് കിറ്റുകൾ നൽകുക, ജനങ്ങൾക്ക് ആവശ്യമായ സമയത്ത് മെഡിക്കൽ സഹായം എത്തിക്കുക എന്നതും കോവിഡ് കൺട്രോൾ റൂമിെൻറ പ്രവർത്തനമായിരിക്കും. വേങ്ങരയിലെ വെ.എം.സി ആശുപത്രിയും കുന്നുംപുറത്തെ ദാറുൽ ശിഫ ആശുപത്രിയും കോവിഡ് ആശുപത്രികളാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഈ ആശുപത്രികളിൽ വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കും. കോവിഡ് രോഗികൾക്ക് ഇവിടെ സൗജന്യ പരിശോധന സൗകര്യം ഉറപ്പുവരുത്തും. കൂടാതെ രോഗികളെ സഹായിക്കാൻ ആംബുലൻസ് സേവനമുണ്ടാകും.
പഞ്ചായത്തുകൾക്കാവശ്യമായ കോവിഡ് പ്രതിരോധ പ്രവർത്തന കിറ്റുകൾ, ഉപകരണങ്ങൾ എന്നിവ നൽകും. മണ്ഡലത്തിലെ കോവിഡ് രോഗികൾക്ക് സർക്കാർ തലത്തിൽ ആവശ്യമായ ആശുപത്രി സേവനങ്ങൾ ഉറപ്പുവരുത്തും. മരുന്ന്, മറ്റു സേവനങ്ങൾ, കൗൺസലിങ് എന്നിവയും കൺട്രോൾ റൂമിന് കീഴിൽ നടക്കും. കൺട്രോൾ റൂമിലെ നമ്പറുകൾ: 8089369920, 7994056023. സേവനങ്ങൾക്കായി പ്രതേക വാഹനവും ഒരുക്കിയിട്ടുണ്ട്. വളൻറിയർമാരുടെ സേവനവും ലഭ്യമാകും.
ചടങ്ങിൽ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മൻസൂർ തങ്ങൾ, ജില്ല പഞ്ചായത്ത് വേങ്ങര ഡിവിഷൻ അംഗം സമീറ പുളിക്കൽ, ഊരകം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ്, കണ്ണമംഗലം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റൈഹാനത്ത്, എം.കെ. അബ്ദുൽ മജീദ്, എൻ. ഉബൈദ് മാസ്റ്റർ, ഹുസൈൻ ഊരകം, ഹാരിസ് മാളിയേക്കൽ, എം.എ. റഊഫ്, വി.കെ. അമീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.