ആനുകൂല്യങ്ങൾക്ക് വിള ഇൻഷുറൻസ് നിർബന്ധം: പാട്ട കർഷകർക്ക് തിരിച്ചടി
text_fieldsവേങ്ങര: കാർഷികവിളകൾ ഇൻഷൂർ ചെയ്യാൻ കൃഷി ചെയ്യുന്ന സ്ഥലത്തിെൻറ നികുതി ചീട്ട് നൽകണമെന്ന കൃഷി വകുപ്പിെൻറ നിർദേശം പാട്ട കർഷകർക്ക് തിരിച്ചടിയാകുന്നു. എ.ആർ നഗർ കൃഷിഭവൻ പരിധിയിലെ രണ്ട് കർഷകരുടെ ഇൻഷുറൻസ് അപേക്ഷ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ നിരസിച്ചതിെൻറ കാരണം അന്വേഷിച്ച് വേങ്ങര ബ്ലോക്ക് കൃഷി അസി. ഡയറക്ടർ അയച്ച കത്തിെൻറ മറുപടിയിലാണ് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ഇക്കാര്യം അറിയിച്ചത്.
ഇതോടെ തരിശായി കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാൻ ഭൂവുടമകളിൽനിന്ന് വാക്കാൽ മാത്രം അനുവാദം വാങ്ങിയ കർഷകർക്ക് തീരുമാനം തിരിച്ചടിയായി. വിള ഇൻഷൂർ ചെയ്താൽ മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കാൻ കർഷകന് അർഹതയുണ്ടാവുകയുള്ളൂ. ജില്ലയിൽ മാത്രം പതിനായിരക്കണക്കിന് പാട്ട കർഷകരുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ വിള ഇൻഷൂർ ചെയ്ത പാട്ട കർഷകരിൽ ഭൂരിഭാഗവും നികുതി ചീട്ട് നൽകിയിരുന്നില്ല.
ഭൂവുടമകൾ കർഷകർക്ക് നികുതി ചീട്ട് നൽകാത്തതാണ് കാരണം. പകരം ഭൂവുടമയുടെ സമ്മതപത്രവും കൃഷി ഓഫിസറുടെ സാക്ഷ്യപത്രവും ഹാജരാക്കിയായിരുന്നു ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരുന്നത്. ഇതിനായി ഇൻഷുറൻസ് അപേക്ഷ കൃഷിഭവനുകളിൽ നേരിട്ട് നൽകുകയായിരുന്നു പതിവ്. അന്നൊന്നും നികുതി രശീത് ഇല്ലാത്തതിെൻറ പേരിൽ അപേക്ഷ നിരസിച്ചിരുന്നില്ലെന്ന് കർഷകർ പറയുന്നു.
എന്നാൽ, ആഗസ്റ്റ് 17 മുതൽ അപേക്ഷകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കുന്നത്. ഇതോടെയാണ് പ്രശ്നത്തിന് തുടക്കം. വിവിധ വിളകളുടെ സ്കീമുകളിൽ ആനുകൂല്യം ലഭിക്കാൻ വിള ഇൻഷൂർ ചെയ്യണമെന്ന് കൃഷി വകുപ്പ് പറയുന്നുണ്ട്. നികുതി ചീട്ട് ലഭിക്കാത്തപക്ഷം പാട്ട കർഷകർക്ക് ഇൻഷൂർ ചെയ്യാൻ സാധിക്കാതെ വരികയും ആനുകൂല്യം ലഭിക്കാതിരിക്കുകയും ചെയ്യും. ഇത് വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന ഭീതിയിലാണ് ഇവർ.അതേസമയം, ഇൻഷുറൻസ് അപേക്ഷയിൽ നികുതി ചീട്ട് നിർബന്ധമാണെന്ന് അധികൃതർ വിശദീകരിക്കുന്നു. നികുതി ചീട്ടിെൻറ പകർപ്പ് പാട്ട ചീട്ട് നൽകുന്നതിനൊപ്പം നിർബന്ധമായും ഹാജരാക്കണം.
എങ്കിൽ മാത്രമേ യഥാർഥ സ്ഥല ഉടമയാണോ സമ്മതപത്രം നൽകിയതെന്ന് ഉദ്യോഗസ്ഥർക്ക് അറിയാൻ കഴിയൂ. അല്ലാത്തപക്ഷം കൃഷി നാശം സംഭവിക്കുകയും നഷ്ടപരിഹാരം നൽകേണ്ടി വരികയും ചെയ്താൽ യഥാർഥ സ്ഥല ഉടമ പരാതിപ്പെടാൻ കാരണമാവുകയും തർക്കങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമെന്നും ഉടമയറിയാതെ മറ്റൊരാൾ സമ്മതപത്രം എഴുതി തരാനും സാഹചര്യവുമുണ്ടാകുമെന്നും മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫിസർ ടി. ഗീത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.