‘കസ്റ്റഡി’യിലായി തൊണ്ടി വാഹനങ്ങൾ; പുറത്തിറക്കാൻ മതിൽ പൊളിക്കണം
text_fieldsവേങ്ങര: വേങ്ങരയിൽ നിയമലംഘനങ്ങൾക്ക് പൊലീസ് പിടികൂടിയ വാഹനങ്ങൾ അക്ഷരാർഥത്തിൽ ലോക്ക് ആയി. മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്ത് പാർക്ക് ചെയ്ത വാഹനങ്ങളാണ് മൃഗാശുപത്രിക്ക് ചുറ്റുമതിൽ നിർമിച്ചതോടെ പൊലീസ് സ്റ്റേഷൻ മതിലിനും മൃഗാശുപത്രി മതിലിനും ഇടയിൽ കുടുങ്ങിയത്.
മൃഗാശുപത്രിക്ക് ചുറ്റും അരമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് ചുറ്റുമതിൽ കെട്ടിയതോടെയാണ് ഇവിടെ നിർത്തിയിരുന്ന വാഹനങ്ങൾ പുറത്തുകടക്കാൻ കഴിയാത്ത നിലയിലായത്.
ഇനി സ്റ്റേഷന്റെ മതിൽ പൊളിച്ചാലേ പുറത്തിറക്കാൻ കഴിയൂ. ചുറ്റുമതിൽ ഇല്ലാത്തതിനാൽ മൃഗാശുപത്രി വളപ്പിൽ അന്യവാഹനങ്ങൾ നിർത്തിയിടുന്നതുൾപ്പെടെ ധാരാളം പരാതികൾ വന്നതോടെ വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി മൃഗാശുപത്രി വളപ്പിന് ചുറ്റും മതിൽ കെട്ടാൻ തീരുമാനിച്ചെങ്കിലും പൊലീസ് പിടിച്ചിടുന്ന വാഹനങ്ങൾ ഈ വളപ്പിൽ കൂട്ടിയിട്ടതിനാൽ മതിൽ നിർമിക്കാനായില്ല.
ഈ വാഹനങ്ങൾ മൃഗാശുപത്രി വളപ്പിൽനിന്നും മാറ്റിയിടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ വേങ്ങര പൊലീസിലും മലപ്പുറം എസ്.പി ഓഫിസിലും പലപ്രാവശ്യം പരാതിപ്പെട്ടെങ്കിലും സ്ഥലസൗകര്യമില്ലെന്ന കാരണം പറഞ്ഞു പൊലീസ് ഒഴിഞ്ഞുമാറുകയായിരുന്നു.
മതിൽ നിർമാണം വൈകിയാൽ നീക്കിവെച്ച ഫണ്ട് ലാപ്സായിപ്പോവുമെന്നതിനാൽ പൊലീസിനെ കാത്തുനിൽക്കാതെ ഗ്രാമപഞ്ചായത്ത് മതിൽ പണി ആരംഭിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.