വേങ്ങരയിൽ മേൽപാലം: മണ്ണ് പരിശോധന തുടങ്ങി
text_fieldsവേങ്ങര: വേങ്ങര ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിനായുള്ള മണ്ണുപരിശോധനക്ക് തുടക്കമായി. വേങ്ങര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മുതൽ അമ്മാഞ്ചേരിക്കാവ് വരെയുള്ള ഭൂമി കുഴിച്ചുള്ള പരിശോധനക്കാണ് തുടക്കമായത്. പരിശോധനക്ക് 18 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അറിയിച്ചിരുന്നു.
ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി-പരപ്പനങ്ങാടി പാതയിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെക്കാലമായി വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനുപരിഹാരമായി നേരത്തേ ബൈപാസ് പ്രഖ്യാപിച്ചെങ്കിലും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയായിരുന്നു. എന്നാൽ, നിർദിഷ്ട ബൈപാസ് വന്നാലും ടൗണിലെ ഗതാഗതക്കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദേശിക്കപ്പെട്ടത്.
രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗം. ഇതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ ശിപാർശ പ്രകാരം 2022-‘23 ബജറ്റിൽ വേങ്ങര ഫ്ലൈ ഓവർ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.