സ്വന്തം സീറ്റ് മറ്റൊരു കുടുംബത്തിന് നൽകി; അവസാനം രക്ഷാപ്രവർത്തകനായി മുജീബ്റഹ്മാൻ
text_fieldsവേങ്ങര: കരിപ്പൂരിൽ കഴിഞ്ഞദിവസം അപകടത്തിൽപെട്ട വിമാനത്തിലെ യാത്രികനായിരുന്ന കെ.പി. മുജീബ്റഹ്മാൻ പരിക്കേൽക്കാതെ രക്ഷപ്പെടാൻ കാരണം തെൻറ സീറ്റ് മറ്റൊരു ഫാമിലിക്ക് വേണ്ടി മാറിക്കൊടുത്തതുമൂലം. അജ്മാനിൽനിന്ന് നാട്ടിലേക്ക് വന്ന ഇയാൾക്ക് അനുവദിച്ചിരുന്നത് 25 എഫ് സൈഡ് സീറ്റ് ആയിരുന്നു. കുടുംബത്തിന് വേണ്ടി സീറ്റ് മാറി പിറകിലേക്ക് ഇരിക്കാമോ എന്ന് ഒരാൾ അന്വേഷിച്ചപ്പോൾ അയാളുടെ സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു മുജീബ്.
വിമാനം അപകടത്തിൽപെട്ടതോടെ പിറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന മുജീബ് കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനത്തിലേർപ്പെടാനും തനിക്ക് കഴിഞ്ഞെന്നും ഇയാൾ പറയുന്നു. സീറ്റുകൾക്കിടയിൽ കുടുങ്ങിപ്പോയ കുഞ്ഞുങ്ങളെ വളരെ ശ്രമപ്പെട്ടാണ് പുറത്തേക്കെടുക്കാനായത്. അമർന്നുപോയ സീറ്റിനിടയിലും എ.സി സംവിധാനങ്ങൾക്കിടയിലും കുടുങ്ങിപ്പോയവരെ പുറത്തേക്കെടുക്കാനാവാതെ ബുദ്ധിമുട്ടിയതായും ഇയാൾ പറയുന്നു.
വിമാനത്തിലുണ്ടായിരുന്ന മിക്ക യാത്രക്കാരെയും മാറ്റിയശേഷമാണ് മുജീബ്റഹ്മാനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും മാറ്റുന്നത്. എ.ആർ നഗർ കുറ്റൂർ നോർത്ത് സ്വദേശിയായ മുജീബ്റഹ്മാൻ തിങ്കളാഴ്ച ആശുപത്രി വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.