അരക്കോടി ചെലവിൽ നിർമിച്ച സർക്കാർ കെട്ടിടം അനാഥം
text_fieldsവേങ്ങര: ജലനിധി പദ്ധതിക്കായി നിർമിച്ച 1500 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള കെട്ടിടം അനാഥമാവുന്നു. വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയിൽ വലിയോറ വാക്കികയം റെഗുലേറ്ററിന് സമീപത്തായി നിർമിച്ച ഇരുനില കെട്ടിടമാണ് അനാഥമായത്.
അഞ്ചുവർഷം മുമ്പ് വാക്കിക്കയം റെഗുലേറ്റർ നിർമാണ ഭാഗമായാണ് ലോകബാങ്ക് ഫണ്ടുപയോഗിച്ച് ജലനിധി പദ്ധതിക്കായി ഇറിഗേഷൻ വകുപ്പ് ഈ കെട്ടിടം നിർമിച്ചത്. തിരൂരങ്ങാടി ഇറിഗേഷൻ ഓഫിസ് വിഭജിച്ചു വേങ്ങര നിലവിൽവന്നെങ്കിലും വേങ്ങരയുടെ ഓഫിസ് പ്രവർത്തിക്കുന്നത് ഇപ്പോൾ മലപ്പുറത്താണ്. ഈ ഓഫിസ് വേങ്ങരയിൽ നിർമിച്ച കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പായില്ല.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് കെട്ടിടം അനാഥമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, സർക്കാർ സ്ഥലത്ത് ഇറിഗേഷൻ വകുപ്പ് നിർമിച്ച കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം അവർക്ക് ഇല്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് ജലനിധി പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ജലനിധി നൽകിയ ലോകബാങ്ക് ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മൈനർ ഇറിഗേഷന് കൈമാറിയിട്ടില്ലെന്നതാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.
അരക്കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമിച്ച കെട്ടിടം വയറിങ് ജോലികൾ ഉൾപ്പെടെ മുഴുവൻ ജോലികളും പൂർത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷൻ ലഭിക്കൽ മാത്രമാണ് ബാക്കിയുള്ളത്.
ഒരു വർഷം മുമ്പ് അനുവദിച്ച മൈനർ ഇറിഗേഷൻ വേങ്ങര സെക്ഷൻ ഓഫിസ് പ്രവർത്തിക്കാൻ കെട്ടിട സൗകര്യമില്ലാതെ പ്രതിസന്ധിയിലായിട്ടും ഈ കെട്ടിടം ഏറ്റെടുക്കാൻ തയാറായില്ലെന്ന് നാട്ടുകാർ ആക്ഷേപമുന്നയിക്കുന്നു.
വൈദ്യുതി കണക്ഷന് അപേക്ഷ നൽകാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടും കെട്ടിടം കൈമാറി കിട്ടിയിട്ടില്ലെന്ന് കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുകയാണ്. അതേസമയം കടലുണ്ടിപ്പുഴയുടെ പുറമ്പോക്കിൽ അഞ്ചു സെന്റ് വരുന്ന സ്ഥലത്ത് നിർമിച്ച ഈ കെട്ടിടം വേങ്ങര ഗ്രാമപഞ്ചായത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും വാർഡ് മെംബർ യൂസുഫലി വലിയോറ കത്ത് നൽകിയെങ്കിലും നടപടിയായില്ലെന്ന് പരാതിയുണ്ട്. കെട്ടിടം അനാഥമായതോടെ ഇവിടം തെരുവു നായ്ക്കളുടെ വിളയാട്ട കേന്ദ്രമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.