പരാതികൾക്ക് ശാശ്വത പരിഹാരം കാണും- മന്ത്രി വീണ ജോർജ്
text_fieldsവേങ്ങര : ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ തുടക്കമാണ് നവകേരള സദസ്സ് കുറിക്കുന്നതെന്നും പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ശാശ്വത പരിഹാരം ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. വേങ്ങര മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതലത്തിൽ ഉണ്ടാകേണ്ട പരിഹാരമാണെങ്കിൽ 15 ദിവസത്തിലും സംസ്ഥാനതലത്തിൽ വേണ്ട തീരുമാനം ആണെങ്കിൽ 45 ദിവസത്തിലും തീർപ്പാക്കി ശാശ്വത പരിഹാരം ഉറപ്പാക്കും.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന തീവ്രയജ്ഞമാണ് സർക്കാർ ആദ്യഘട്ടത്തിൽ നടത്തിയത്. തുടർന്ന് പരാതി പരിഹാര അദാലത്തും മേഖല അവലോകന യോഗങ്ങളും നടത്തി. സാധാരണക്കാർ സർക്കാർ ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂടുതലായി ആശ്രയിക്കുന്നു. ഹൃദ് രോഗമുള്ള കുഞ്ഞുങ്ങൾക്കായി ‘ഹൃദ്യം’ പദ്ധതി വഴി 6700 ലധികം കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകിയത്- 1578. കൂടാതെ, എസ്.എം.എ പോലുള്ള അപൂർവ രോഗങ്ങൾക്കായി പ്രത്യേക ചികിത്സപദ്ധതികളും തുടങ്ങി. ആറ് മാസത്തിനുള്ളിൽ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ് സജ്ജമാക്കും. രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം കൂടി പൂർത്തിയായാൽ സമ്പൂർണമായും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുള്ള ആദ്യ നിയോജക മണ്ഡലമാകും വേങ്ങര.
തീരദേശ, മലയോര ഹൈവേ, നാഷണൽ ഹൈവേ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു- മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.