കനത്ത മഴ: തണ്ണിമത്തൻ വെള്ളത്തിൽ
text_fieldsവേങ്ങര: വിളഞ്ഞുനിന്ന തണ്ണിമത്തൻ കനത്ത മഴ കാരണം വിളവെടുക്കാനാവാതെ വെള്ളത്തിലായി. മൂന്ന് മാസത്തെ അധ്വാനം മഴവെള്ളത്തിൽ ഒഴുകിയതോടെ കർഷകരുടെ ഹൃദയം തകരുകയാണ്. റമദാൻ മാസത്തിലെ അവസാന രണ്ടാഴ്ച ലോക്ഡൗൺ കാരണം വിപണി സജീവമല്ലാത്തതിനാലാണ് വിളവ് എത്തിയിട്ടും തണ്ണിമത്തൻ വിതരണം ചെയ്യാൻ കഴിയാതെ പോയതെന്ന് കർഷകർ പറയുന്നു.
മഴവെള്ളം കയറി കൂരിയാട്, കുറ്റൂർ പ്രദേശങ്ങളിൽ ഏകദേശം 25 ഏക്കറോളം തണ്ണിമത്തനുകളാണ് നശിച്ചത്. ഒരു ഏക്കറിന് അറുപതിനായിരം രൂപ ചെലവിലാണ് കൃഷിയിറക്കിയത്. ഇതിനു പുറമേ ഏക്കർ കണക്കിന് മത്തൻ, വെള്ളരി, പയർ, ചെരങ്ങ കൃഷികളും നശിച്ചിട്ടുണ്ട്. പാലശ്ശേരി മാട്, കുറ്റൂർ, വേങ്ങര പാടശേഖരങ്ങളിലാണ് കൃഷി നാശം. കുതിരച്ചിറക്കു താഴെ കൃഷിയെല്ലാം വെള്ളത്തിനടിയിലാണ്.
കൃഷി അസിസ്റ്റൻറ് പി. വിക്രമൻ പിള്ള സ്ഥലം സന്ദർശിച്ചു. കൃഷിനാശം വന്നതിനാൽ സഹായധനത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിനാണ് വകുപ്പധികൃതർ നിർദേശം നൽകിയിട്ടുള്ളത്.
സനൽ അണ്ടിശ്ശേരി, ഹംസ പള്ളികളി, അലവി കൊളക്കാട്ടിൽ, വെട്ടൻ ശങ്കരൻ, നാരായണൻ ഇത്തിക്കായ്, ജാഫർ ചെമ്പൻ, ഷബീറലി ചെമ്പൻ, അബ്ദുറഹിമാൻ ചാലിൽ, എ.പി. കാരിക്കുട്ടി, എൻ.എം. ഇസ്മായിൽ തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.