ഇതാ കൂട്ടരേ പഴയ ഓട്ടും പെട്ടി...ബാലറ്റ് പെട്ടിയുമായി യൂനുസ്
text_fieldsവേങ്ങര: ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും വി.വി പാറ്റ് യന്ത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ വി.വി പാറ്റും വോട്ടു യന്ത്രവും ഉപയോഗിച്ചിട്ടില്ലാത്ത പഴയകാലത്ത് വോട്ടുചെയ്യാൻ ഉപയോഗിച്ച ബാലറ്റ് പെട്ടിയുമായി കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി യൂനുസ് (45) രംഗത്തുണ്ട്. 1951ൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന അൽവിൻ കമ്പനി നിർമിച്ച പെട്ടിയാണ് യൂനുസിന്റെ ശേഖരത്തിലുള്ളത്.
പെട്ടിയുടെ പുറത്ത് ഒട്ടിച്ച ബൂത്ത്, സ്ഥാനാർഥി അടക്കമുള്ള വിവരങ്ങൾ മാഞ്ഞുപോയിരിക്കുന്നു. നേരത്തേ ഒരു സ്ഥാനാർഥിക്ക് അദ്ദേഹത്തിന്റെ മാത്രം ചിഹ്നത്തിലെ ബാലറ്റ് നിക്ഷേപിക്കുന്ന പെട്ടി അടക്കം ബൂത്തുകളിൽ ഉപയോഗിച്ചിരുന്നു. ഏതായാലും വർഷങ്ങളായി ബാലറ്റ് യന്ത്രം ഉപയോഗിക്കുന്നതിനാൽ പെട്ടിയും ബാലറ്റ് പേപ്പറും പുതിയ തലമുറക്ക് പരിചിതമല്ല. സ്റ്റാമ്പുകൾ, ചരിത്രരേഖകൾ, നാണയങ്ങൾ, കറൻസികൾ, ഫോസിലുകൾ, രത്നങ്ങൾ അടക്കം നിരവധി പുരാവസ്തുക്കൾ സൂക്ഷിക്കുന്ന യൂനുസ് ബാലറ്റ് പെട്ടിയും നിധിപോലെ സൂക്ഷിക്കുകയാണ്.
നിലമ്പൂരിൽ നിന്നുള്ള സുഹൃത്ത് വഴിയാണ് ഏതാനും വർഷംമുമ്പ് യൂനസ് ബാലറ്റ് പെട്ടി കരസ്ഥമാക്കിയതെന്ന് പറയുന്നു. കൂടെ പേപ്പറിൽ വോട്ടിങ് അടയാളം പതിപ്പിക്കാനുള്ള സീലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.