മലബാർ സമരം: വീര സ്മരണകൾ ഉണർത്തി മമ്മുട്ടിയുടെ തറവാട്
text_fieldsമലബാർ സമര നേതാവ് വലിയാക്കത്തൊടി തലാപ്പൻ മമ്മുട്ടിയുടെ വേങ്ങര ചേറ്റിപ്പുറംമാടിലെ തറവാട്
വേങ്ങര: മലബാർ സമരത്തിെൻറ വീരഗാഥക്ക് രക്തം കൊണ്ട് താളുകൾ തുന്നിയ വലിയാക്കത്തൊടി തലാപ്പൻ മമ്മുട്ടിയുടെ സ്മരണക്ക് സ്മാരകം പണിയണമെന്ന ആവശ്യമുയരുന്നു. വേങ്ങരക്കടുത്ത്, കുറ്റൂർ പാക്കടപ്പുറായ ചേറ്റിപ്പുറംമാട് റോഡിൽ വേങ്ങര പാടത്തിനു സമീപം വലിയാക്കത്തൊടി മമ്മു ഹാജിയുടെയും എളമ്പുലാശ്ശേരി ഫാത്തിമയുടെയും മകനായ തലാപ്പൻ മമ്മൂട്ടിയാണ് മലബാർ സമരകാലത്ത് ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് പ്രദേശത്ത് നേതൃത്വം നൽകിയത്. 1877ൽ ജനിച്ച ഇദ്ദേഹം പ്രദേശത്തെ ഒരു ജന്മികൂടിയായിരുന്നു. 1921ൽ സമരക്കാരെ നെല്ലും പണവും നൽകി സഹായിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരായ കുറ്റം. മമ്മുട്ടിയെ പിടികൂടാനായി മൂന്ന് പ്രാവശ്യം ബ്രിട്ടീഷ് പട്ടാളം വീട്ടിൽ വന്നെങ്കിലും മൂന്നാമത്തെ പ്രാവശ്യമാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കർഷക ഭൂ ഉടമക്കൊപ്പം കർഷകത്തൊഴിലാളി സംരക്ഷകൻ കൂടിയായിരുന്നു.
ആയുർവേദ പച്ച മരുന്നുകളുപയോഗിച്ച് മുറിവുകൾ കെട്ടുകയും ചികിത്സിക്കുകയും ചെയ്തിരുന്നു. സൗജന്യ ചികിത്സ കേട്ടറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ വീട്ടിൽ ചികിത്സക്കായി വന്നിരുന്നു. വരുന്നവർക്ക് ഭക്ഷണവും പടിപ്പുരയിൽ താമസവും നൽകി. മരുന്ന് ശേഖരിച്ചിരുന്നത് വേങ്ങര അപ്പു വൈദ്യരുടെ അടുത്ത് നിന്നായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.
തലാപ്പൻ മമ്മൂട്ടിയെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്യുമ്പോൾ 44 വയസ്സായിരുന്നു പ്രായം. ആറ് വർഷം വെല്ലൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ശേഷമാണ് മോചിതനായത്. 1957ൽ മരിക്കുമ്പോൾ 80 വയസ്സായിരുന്നു. ഇദ്ദേഹത്തിെൻറ മകനും സഹോദരീ പുത്രനും ചേറൂർ സമരത്തിൽ രക്തസാക്ഷികളായി. മലബാർ സമരത്തിൽ പ്രദേശത്ത് നിന്ന് മരണപ്പെട്ട വലിയാക്കത്തൊടി കുടുംബത്തിലെ മറ്റു രണ്ട് വ്യക്തിത്വങ്ങളാണ് വലിയാക്കത്തൊടി മമ്മുദു ഹാജിയും (അധികാരി മമ്മുദു ഹാജി) വലിയാക്കത്തൊടി കുട്ടിമോനും. നാടിന് വേണ്ടി ജീവൻ ത്യജിച്ച ഈ സ്വാതന്ത്ര്യ സമര സേനാനികൾക്ക് സ്മാരകം പണിയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.