പാണ്ടികശാല മാട്ടുമ്മലിൽ വേണം, ട്രാക്ടർ പാലം
text_fieldsവേങ്ങര: പഞ്ചായത്ത് പതിനേഴാം വാർഡിൽ വലിയോറ വലിയ തോടിന് കുറുകെ ട്രാക്ടർ പാലം വേണമെന്ന ആവശ്യവുമായി കർഷകരും നാട്ടുകാരും രംഗത്തെത്തി. വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കാൻ ത്രിതല പഞ്ചായത്തുകളും സർക്കാറും തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വലിയോറപ്പാടത്തെ പടിഞ്ഞാറ് ഭാഗത്തേക്ക് ട്രാക്ടർ കൊണ്ടുപോകുന്നതിനും ഈ ഭാഗത്തുനിന്ന് കാർഷിക ഉൽപന്നങ്ങൾ കൊണ്ടുവരാനും ഒരു സംവിധാനവുമില്ല. സാധനങ്ങൾ തലച്ചുമടായി കൊണ്ടുവരേണ്ട സ്ഥിതിയാണുള്ളതെന്ന് കർഷകർ പറയുന്നു. കൂടാതെ ഈ പ്രദേശത്തെ ഇരുപതോളം വീട്ടുകാർക്ക് വാഹന ഗതാഗതം സുഗമമാക്കാനും ട്രാക്ടർ പാലം വേണമെന്ന ആവശ്യമുണ്ട്.
ഫണ്ടിന്റെ അപര്യാപ്തതയും സാങ്കേതികത്വവും പറഞ്ഞ് ത്രിതല പഞ്ചായത്തുകൾ ഒഴിഞ്ഞുമാറുകയാണെന്നും കർഷകർ ആരോപിക്കുന്നു. നിരവധി തവണ ഇറിഗേഷൻ, കൃഷിവകുപ്പ് മന്ത്രിമാർക്ക് എസ്റ്റിമേറ്റ് സഹിതം പ്രൊപ്പോസൽ സമർപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല. തോടിന് മീതെ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച നടപ്പാലമാണ് കർഷകരുടെയും നാട്ടുകാരുടെയും ഏക ആശ്രയം. ഇതിലൂടെ കാൽനടയായി മാത്രമേ സഞ്ചരിക്കാനാകൂ. ഇതും ഏതുസമയത്തും പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്. പാണ്ടികശാല ഭാഗത്തുള്ളവർക്ക് വലിയോറപ്പാടത്തേക്കും തിരിച്ചും ഇവിടെ പാലം വരുന്നതോടെ വാഹനഗതാഗതം സുഗമമാകും.
തോടിന്റെ രണ്ട് വശങ്ങളിലും മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡ് എത്തിയിട്ടുണ്ട്. ഇവിടെ ട്രാക്ടർ പാലവും വി.സി.ബിയും നിർമിക്കാൻ മുൻസർക്കാരിന്റെ കാലത്ത് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ചീഫ് എൻജിനീയർക്ക് നൽകിയ രണ്ടു കോടിയുടെ പ്രൊപ്പോസൽ ചീഫ് എൻജിനീയറുടെ ഓഫീസിൽ നിദ്രയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.