അനുമതിയില്ല; സംസ്ഥാന പാതക്കരികിലെ മരം മുറിച്ചുമാറ്റുന്നു
text_fieldsവേങ്ങര: സംസ്ഥാനപാതക്കരികിലെ വന്മരം മുറിച്ച് അനുമതിയില്ലാതെ മാറ്റുന്നു. അധികൃതരുടെ അറിവില്ലാതെ കഴിഞ്ഞ ദിവസം രാത്രിയാണ് മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയത്. വേങ്ങര ടൗണിൽ പിക് അപ്പ് സ്റ്റാൻഡിനടുത്ത് തണൽ വിരിച്ചിരുന്ന ചീനിമരത്തിന്റെ വലിയ ശിഖരങ്ങളാണ് മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത്.
റോഡരികിലെ മരങ്ങൾ പൊതുമരാമത്ത് വകുപ്പ് ആണ് മുറിച്ചുമാറ്റേണ്ടത്. സഞ്ചാരതടസ്സമോ അപകട സാധ്യതയോ ഉള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് അധികൃതരുടെ അനുമതിയും ആവശ്യമുണ്ട്. മാത്രമല്ല വനം വകുപ്പ് നിശ്ചയിച്ച വിലയിൽ പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടത്തി ലേലം വിളിച്ച് വിൽപന നടത്തിയ ശേഷമേ മരങ്ങൾ മുറിക്കാവൂ എന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി.
എന്നാൽ പാതയോരത്തെ മരം മുറിച്ചുമാറ്റാൻ സ്വകാര്യ വ്യക്തി പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇത് വനം വകുപ്പിന് കൈമാറിയിട്ടേ ഉള്ളുവെന്ന് അധികൃതകർ പറയുന്നു.ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് അർധരാത്രി മരം മുറിച്ചുമാറ്റിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു.
വേങ്ങര ടൗണിൽ മരം മുറിച്ചുമാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നും പഞ്ചായത്തിന്റെ അറിവോടെയല്ല മരംമുറി നടന്നതെന്നും പ്രസിഡന്റ് കെ.പി. ഹസീന ഫസൽ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.