അഞ്ചു വർഷത്തിലധികമായി വാടക നൽകിയില്ല; വേങ്ങര വിദ്യാഭ്യാസ ഉപജില്ല കാര്യാലയം പെരുവഴിയിലേക്ക്
text_fieldsവേങ്ങര: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങരയിലെ വിദ്യാഭ്യാസ കാര്യാലയം കെട്ടിടം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമക്ക് അഞ്ചു വർഷത്തിലധികമായി വാടക കുടിശ്ശിക വന്നതോടെയാണ് ഉടമ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്. ജൂൺ ഒന്ന് മുതൽ കെട്ടിടം ഒഴിയണമെന്നാണ് ഇപ്പോൾ ഉടമ അന്ത്യശാസനം നൽകിയിട്ടുള്ളത്. പ്രതിമാസം 4859 രൂപ നിരക്കിൽ 2019 ജനുവരി മുതൽ 65 മാസത്തെ വാടകയിനത്തിൽ നിലവിൽ മൂന്നു ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. പണ്ട് നിശ്ചയിച്ച ചുരുങ്ങിയ വാടകയിൽ ഇത്രയും കുടിശ്ശികയുമായി ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്നതാണ് കെട്ടിട ഉടമയുടെ നിലപാട്. ഒരു മുറിക്ക് തന്നെ അയ്യായിരം രൂപയിലധികം വാടകയുള്ള, വേങ്ങര ടൗണിന്റെ ഹൃദയ ഭാഗത്ത് പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിൽ, ഇപ്പോൾ വനിതകളുൾപ്പെടെ പതിനഞ്ചോളം ജീവനക്കാരുണ്ട്.
ഉപജില്ലയിൽ പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളിലായി നൂറിനടുത്ത് വിദ്യാലയങ്ങളുടെ മേൽനോട്ട ചുമതലയുള്ള ഓഫിസാണ് കുടിയൊഴിപ്പിക്കൽ ഭീഷണിയിലായത്. ജൂൺ മൂന്നിന് പുതിയ അധ്യയന വർഷാരംഭത്തിൽ വിദ്യാഭ്യാസ ഓഫിസ് തന്നെ ഇല്ലാതാവുന്നതോടെ ഉപജില്ലയിലെ വിദ്യാഭ്യാസ മേഖല താളം തെറ്റാൻ സാധ്യതയുണ്ട്. എ.ഇ.ഒ ഓഫിസിനടുത്ത് സ്ഥിതി ചെയ്യുന്ന വേങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കോമ്പൗണ്ടിൽ നാലു മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടം വർഷങ്ങളായി ഉപയോഗശൂന്യമായി കാടുമൂടി കിടക്കുമ്പോഴാണ് ഉപജില്ല വിദ്യാഭ്യാസ ആസ്ഥാന കാര്യാലയം അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത് എന്നതാണ് ഏറെ വിരോധാഭാസം.
1998 ൽ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടം അന്ന് മുതൽ തന്നെ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടം തൽക്കാലത്തേക്കെങ്കിലും വിദ്യാഭ്യാസ ഓഫിസിന് വിട്ടു കൊടുത്താൽ ഒരു പരിധി വരെ പ്രശ്നപരിഹാരമാവും. ഈ കാര്യം എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പലതവണ കൊണ്ടുവന്നെങ്കിലും പരിഗണന ലഭിച്ചില്ലെന്നും പരിഹാരം കണ്ടെത്താനായില്ലെന്നുമാണ് ജനങ്ങളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.