അനുമതി വാങ്ങാതെ ഗ്രാമസഭ; അംഗൻവാടി കെട്ടിടം സ്കൂൾ അധികൃതർ താഴിട്ടു പൂട്ടി
text_fieldsവേങ്ങര: സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിൽ സ്കൂൾ അധികൃതരുടെ അനുമതി വാങ്ങാതെ ഗ്രാമസഭ നടത്താനുള്ള ശ്രമം സംഘർഷത്തിന്റെ വക്കിലെത്തി. ഗ്രാമപഞ്ചായത്തിന്റെ നിരുത്തരവാദ നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ അധികൃതർ അംഗൻവാടി പ്രവർത്തിക്കുന്ന കെട്ടിടം താഴിട്ടുപൂട്ടി. വ്യാഴാഴ്ച രാവിലെ അംഗൻവാടിയിലെത്തിയ കുഞ്ഞുങ്ങൾ അകത്ത് പ്രവേശിക്കാനാവാതെ പെരുവഴിയിലായി. വേങ്ങര ഉപജില്ലയിലെ പറപ്പൂർ മുണ്ടോത്ത് പറമ്പ് ജി.എം.യു.പി സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന അംഗൻവാടിയാണ് തുറന്ന് പ്രവർത്തിക്കാൻ കഴിയാതായത്. പറപ്പൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മുണ്ടോത്ത് പറമ്പിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ഐ.സി.ഡി.എസ് വേങ്ങര പ്രോജക്ടിൽ എടരിക്കോട് അഡീഷണലിന് കീഴിൽ വരുന്ന ഗാന്ധിനഗർ അംഗൻവാടിയാണ് അധികൃതരുടെ നിലപാടിനെ തുടർന്ന് പ്രവർത്തനം നിലച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് അംഗൻവാടി കെട്ടിടത്തിൽ പറപ്പൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രാമസഭ വിളിച്ചതിനെത്തുടർന്നാണ് അംഗൻവാടിക്ക് സ്കൂൾ അധികൃതർ താഴിട്ടതെന്നാണ് ആക്ഷേപം. വ്യാഴാഴ്ച ജീവനക്കാർ അംഗൻവാടി തുറക്കാനെത്തിയപ്പോഴാണ് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് ക്ലാസിനെത്തിയ 22ഓളം കുരുന്നുകളെ വീട്ടിലേക്ക് തിരിച്ചയച്ചു.
ഏറെ നാളായി സ്കൂൾ അധികൃതരും പഞ്ചായത്ത് ഭരണസമിതിയും സ്കൂൾ കോമ്പൗണ്ടിൽ അംഗൻവാടി പ്രവർത്തിക്കുന്നമായി ബന്ധപ്പെട്ട് തർക്കം നിലവിലുണ്ട്. വയറിങ്ങിലെ കാലപ്പഴക്കം കാരണം അംഗൻവാടി കെട്ടിടത്തിൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കണമെന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷരീഫ് ആവശ്യപ്പെട്ടു. വേങ്ങര ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ബാലഗോപാലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചേർന്ന സമവായ ചർച്ചയിൽ വെള്ളിയാഴ്ച മുതൽ അംഗൻവാടി തുറക്കാൻ തീരുമാനമായി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സലീമ, ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, വേങ്ങര ഐ.സി.ഡി.എസ് സി.ഡി.പി.ഒ ഷാജിത അറ്റാശ്ശേരി, ഹെഡ്മിസ്ട്രസ് ഷാഹിന, പി.ടി.എ പ്രസിഡന്റ് ഷരീഫ് എന്നിവർ പങ്കെടുത്തു.
മേളകൾ അവസാനിക്കുന്നതുവരെ അംഗൻവാടി സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കാനും അതിനുശേഷം കൂട്ടായ ചർച്ചയിലൂടെ ഉചിതമായ നടപടി സ്വീകരിക്കാനും തീരുമാനമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടത്തിൽ ക്ലാസ് നടത്തുന്നതിനാവശ്യമായ അംഗീകാരം ഗ്രാമപഞ്ചായത്ത് നൽകണമെന്നും അശാസ്ത്രീയ രീതിയിൽ നടക്കുന്ന അംഗൻവാടിയിലെ പാചകം ഉൾപ്പെടെയുള്ള ജോലികൾക്ക് സൗകര്യമേർപ്പെടുത്തണമെന്നും ഹെഡ്മിസ്ട്രസ് ഷാഹിന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.