ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ട് ഒരു വർഷം; ഇതൊന്ന് കമീഷൻ ചെയ്യുമോ?
text_fieldsവേങ്ങര: വലിയോറ പരപ്പിൽപ്പാറ, പൂക്കുളം ബസാർ പ്രദേശങ്ങളിലെ വൈദ്യുതി വേൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ഒരു കൊല്ലം മുമ്പ് പൂക്കുളം അങ്ങാടിയിൽ സ്ഥാപിച്ച ട്രാൻസ്ഫോർമർ കമീഷൻ ചെയ്തില്ല. പരപ്പിൽപ്പാറ കച്ചേരിപ്പടി റോഡിൽ പൂക്കളം പള്ളിക്കടുത്താണ് 100 കെ.വിയുടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.
ചുറ്റും ഇരുമ്പ് ഗ്രില്ലിട്ട് സംരക്ഷണമൊരുക്കിയിട്ടുണ്ടെങ്കിലും ഒരാണ്ടായിട്ടും ഇതിലൂടെ വൈദ്യുതി പ്രവഹിച്ചിട്ടില്ല. അര കിലോമീറ്റർ അപ്പുറത്തുള്ള പരപ്പിൽപാറയിലെ കെ.വി ലൈനിൽ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തേണ്ടത്. അതിന് ലൈൻ വലിക്കാൻ കേബിൾ ഇല്ലാത്തതാണ് പാതിവഴിയിൽ നിലക്കാൻ കാരണമെന്നറിയുന്നു.
രൂക്ഷമായ വോൾട്ടേജ് ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് പരപ്പിൽപ്പാറയും പൂക്കുളവും. നിലവിൽ പൂക്കുളത്തേക്ക് വൈദ്യുതി എത്തുന്നത് പാറമ്മൽ നിന്നാണ്. പൂക്കുളത്ത് പുതിയ ട്രാൻസ്ഫോർമർ കമീഷൻ ചെയ്താൽ ഈ രണ്ട് പ്രദേശങ്ങളിലെയും വോൾട്ടേജ് പ്രശ്നങ്ങൾക്ക് പരിഹാരമാവും. ചൂട് കൂടിവരുന്നതിനാൽ വൈദ്യുതി ഉപഭോഗം കൂടുകയാണ്. അന്നേരം നിലവിലെ പ്രശ്നങ്ങളുടെ രൂക്ഷത കൂടാനാണ് സാധ്യത. ട്രാൻസ്ഫോർമർ കമീഷൻ ചെയ്യാൻ അടിയന്തര നടപടി വേണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. കെ. സൈതലവി, കെ. മൊയ്തു, കെ.കെ. കുഞ്ഞിമുഹമ്മദ്, കെ.സി. ചന്ദ്രൻ, എ.കെ. കുഞ്ഞിമുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.