പട്ടിശ്ശേരി പാടശേഖരത്തിലേക്കുള്ള പാലം പൊളിഞ്ഞിട്ട് നാലുവർഷം; കർഷകർ ദുരിതത്തിൽ
text_fieldsവേങ്ങര: എ.ആർ നഗർ പഞ്ചായത്തിലെ പട്ടിശ്ശേരി പാടശേഖരത്തിലേക്കുള്ള പാലം പൊളിഞ്ഞിട്ട് നാല് വർഷമാകുന്നു. തോട് കടന്ന് വയലിലേക്ക് വിത്തും വളവും കൊണ്ടുപോകാനാകാതെ കർഷകർ ദുരിതത്തിലായി.വെട്ടത്തുനിന്ന് ഒറ്റത്തെങ്ങു തോടിന് കുറുകെ പട്ടിശ്ശേരി പാടശേഖരത്തിലേക്കുള്ള പാലത്തിന് നാൽപത് വർഷത്തോളം പഴക്കമുണ്ട്.
പുതിയ പാലം നിർമിക്കാൻ എ.ആർ നഗർ പഞ്ചായത്ത് താൽപര്യമെടുക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. പാലമില്ലാതായതോടെ മൂന്നിയൂർ പാറക്കടവ് വഴിയാണ് ഈ വയലിലേക്കുള്ള വിത്തും വളവും കൊണ്ടുവരുന്നതും കൊയ്തെടുക്കുന്ന നെല്ല് പുറത്ത് കൊണ്ടുപോകുന്നതും. എന്നാൽ, വെള്ളം കെട്ടിനിൽക്കുന്ന പാടത്ത് ട്രാക്ടറും കൊയ്ത്തുയന്ത്രവും പൂണ്ടുപോവുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി കർഷകർ പറയുന്നു.
അേതസമയം, ഒറ്റത്തെങ്ങ് തോടിന് കുറുകെ പട്ടിശ്ശേരി പാടശേഖരത്തിലേക്ക് പാലം നിർമിക്കാൻ നാല് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും തോട്ടിലും പാടത്തും വെള്ളം താഴുന്ന മുറക്ക് പാലം പണി ആരംഭിക്കുമെന്നും പാടശേഖരം ഉൾക്കൊള്ളുന്ന 20ാം വാർഡ് അംഗവും പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ അബ്ദുൽ റഷീദ് കൊണ്ടാണത്ത് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലും പാലം നിർമിക്കുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും വെള്ളം താഴാത്തത് കാരണം പാലം നിർമാണം നടന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.