വൈദ്യുതി പ്രതിസന്ധി; രാത്രി വൈദ്യുതി ഉപയോഗം കുറക്കണമെന്ന് കെ.എസ്.ഇ.ബി
text_fieldsവേങ്ങര: തുടർച്ചയായ വൈദ്യുതി മുടക്കമടക്കം വേങ്ങര മണ്ഡലത്തിലെ വൈദ്യുതി ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല, ബ്ലോക്ക് ജനപ്രതിനിധികൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു. മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതും, വോൾട്ടേജില്ലാത്തത് കാരണം വിവിധ കുടിവെള്ള പദ്ധതികൾ ശരിയായി പ്രവർത്തിപ്പിക്കാൻ കഴിയാത്തും ജനപ്രതിനിധികൾ ഉന്നയിച്ചു. വൈദ്യുതി ഉപഭോഗ വർധനയാണ് ഇതിന് കാരണമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പറഞ്ഞു.
മുമ്പൊന്നും ഉണ്ടാവാത്ത വിധം കനത്ത ചൂടാണ് ഇക്കൊല്ലം അനുഭവപ്പെടുന്നത് അത് കാരണം എ.സി, ഫാൻ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് രാത്രികാലങ്ങളിൽ കൂടിയതും വോൾട്ടേജ് ക്ഷാമത്തിന് കാരണമാകുന്നു. വർധിച്ച ഉപഭോഗം ഓരോ ഫീഡറുകൾക്കും അനുവദിച്ചതിലും കൂടുതലാണ്. അമിത ഉപഭോഗം ഫീഡറുകളിലേക്കുള്ള വൈദ്യുതി ഓട്ടോമാറ്റിക്കായി കട്ടാവുന്നതിന് ഇടയാക്കും. ഇങ്ങനെ കട്ടാവുന്നത് ഫീഡറിന് കീഴിലുള്ള മുഴുവൻ യന്ത്രങ്ങളും ഓണായി കിടക്കുന്ന അവസ്ഥയിലായിരിക്കും. വീണ്ടും ലൈൻ ചാർജ് ചെയ്താലും അമിത ലോഡ് കാരണം തുടർച്ചയായി വൈദ്യുതി മുടങ്ങാനിടയാക്കും. ഇത് ഒഴിവാക്കാനാണ് അടിയന്തരഘട്ടങ്ങളിൽ ചില ട്രാൻസ്ഫോർമറുകൾ ഓഫാക്കിയിടുന്നത്.
നിലവിലുള്ള സബ് സ്റ്റേഷനുകളുടെ കപ്പാസിറ്റി വർധിപ്പിച്ചും എണ്ണം കൂട്ടിയും മാത്രമേ ഇതിന് പരിഹാരം കാണാനാവൂ. ഒപ്പം രാത്രികാലങ്ങളിലെ ഉപയോഗം പരമാവധി കുറച്ചു ലോഡ് കുറക്കാൻ പൊതുജനങ്ങളും സഹകരിക്കണം.
എസി, ഫാൻ എന്നിവയുടെ ഉപയോഗം രാത്രികാലങ്ങളിൽ നിയന്ത്രിക്കണം. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുകയോ, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുകയോ ചെയ്യരുതെന്ന് വൈദ്യുതിവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് രാത്രികാല സേവനത്തിനായി കൂടുതൽ ജീവനക്കാരെ നിയമിക്കാമെന്നും ഉപഭോക്താക്കളെ ബോധവത്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങൾ എഴുതി നൽകിയാൽ മന്ത്രിതലത്തിൽ ഇടപെട്ട് പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.