വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി വേങ്ങര സബ് രജിസ്ട്രാർ ഓഫിസ്
text_fieldsവേങ്ങര: എട്ട് വർഷത്തോളമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വേങ്ങര സബ് രജിസ്ട്രാർ ഓഫിസ് അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. 2015 ൽ ആരംഭിച്ച ഓഫിസ് വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി മൂലം പാർക്കിങ്ങിനുൾപ്പെടെ ഏറെ പ്രയാസം നേരിടുകയാണ്. സ്വന്തം കെട്ടിടത്തിനായി സ്ഥലം കണ്ടെത്താൻ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും സ്ഥലം ലഭ്യമാക്കാൻ കഴിഞ്ഞില്ല.
സ്ഥലം ലഭ്യമായാൽ കെട്ടിടനിർമാണത്തിന് ഫണ്ട് നൽകാൻ രജിസ്ട്രേഷൻ വകുപ്പ് തയാറാണെന്നറിയുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിയുണ്ട്. റവന്യൂ വകുപ്പ് ഉടമസ്ഥതയിൽ വേങ്ങര കച്ചേരിപ്പടിയിലുള്ള 18 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന വേങ്ങര വില്ലേജ് ഓഫിസിന്റെ സ്ഥലത്ത് നിന്ന് അഞ്ച് സെന്റ് ലഭ്യമാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് വേങ്ങര ഗ്രാമപഞ്ചായത്തംഗം യൂസഫലി വലിയോറ താലൂക്ക് അദാലത്തിൽ മന്ത്രി വി. അബ്ദുറഹ്മാന് അപേക്ഷ നൽകിയിരുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം, പറപ്പൂർ എ.ആർ.നഗർ പഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്നത് വേങ്ങര സബ് രജിസ്ട്രാർ ഓഫിസിനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.