ക്വാറിയിൽ പാറ ഇടിഞ്ഞുവീണ് ലോറിയും മണ്ണുമാന്തി യന്ത്രവും തകർന്നു
text_fieldsവേങ്ങര: മിനി ഊട്ടിക്കടുത്ത് അമ്പലംകുന്നിൽ ക്വാറിയിൽ പാറ ഇടിഞ്ഞുവീണു. മണ്ണുമാന്തി യന്ത്രവും ലോറിയും പാറക്കടിയിലായി. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് സംഭവം. ഇരുപതടിയോളം ഉയരത്തിൽനിന്ന് വൻ കരിങ്കൽ പാറ അടരുകളായി താഴേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
ക്വാറികളിലെ നിയന്ത്രണമില്ലാത്ത സ്ഫോടനങ്ങളും അശാസ്ത്രീയ മണ്ണുമാന്തലും കാരണമാണ് പാറകൾ ഇളകിവീഴുന്നത്. ചെങ്കുത്തായ പാറകളിൽ ബെഞ്ചുകളായി കരിങ്കൽ പാളികൾ പൊട്ടിച്ചെടുക്കണമെന്ന ജിയോളജി വകുപ്പിന്റെ നിർദേശം ഉടമകൾ കാറ്റിൽ പറത്തുകയാണ്. തോന്നിയ വിധത്തിൽ പാറ പൊട്ടിക്കുമ്പോൾ ഇവക്കിടയിലെ മണ്ണടരുകളിൽ വെള്ളം നിറയുന്നതോടെ ഇളകിയ മണ്ണിനൊപ്പം ഭീമാകാരങ്ങളായ കരിങ്കൽ പാളികളും താഴേക്ക് പതിക്കും. മണ്ണിടിച്ചിലിനെ തുടർന്ന് ഭീമൻ പാറകൾ താഴേക്ക് പതിച്ച ദൃശ്യങ്ങൾ അതുവഴി മിനി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന സംഘമാണ് കാമറയിൽ പകർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.