പഴയ കെട്ടിടം പൊളിച്ചില്ല: സ്കൂൾ കെട്ടിട നിർമാണം വൈകുന്നു
text_fieldsവേങ്ങര: ഉപയോഗശൂന്യമായ സ്കൂൾ കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചെങ്കിലും പഴയ കെട്ടിടം പൊളിക്കാത്തതിനാൽ നിർമാണം വൈകുന്നു. വേങ്ങര ഗ്രാമപഞ്ചായത്തിൽ ബി.ആർ.സി കെട്ടിടം കൂടി ഉൾക്കൊള്ളുന്ന ചേറ്റിപ്പുറംമാട് ജി.യു.പി സ്കൂളിനാണ് ഈ ദുർഗതി.
പുതിയ ക്ലാസ് മുറികൾ നിർമിക്കാൻ മൂന്നുകോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഇനി പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ച് നിർമാണം തുടങ്ങേണ്ടതുണ്ട്. പക്ഷെ അതിനു മുമ്പ് ഉപയോഗശൂന്യമായ കെട്ടിടം പൊളിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണം. കഴിഞ്ഞ മേയിൽ ഇതിനുള്ള അനുമതിക്കായി സ്കൂൾ അധികൃതർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. പുതിയ കെട്ടിട നിർമാണത്തിനായി സ്കൂൾ വളപ്പിലെ വലിയ നാല് മരങ്ങൾ മുറിക്കേണ്ടതുണ്ട്. ഇതിന്റെ ടെൻഡർ നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ അനുമതി വൈകാൻ കാരണം അസി. എൻജിനീയറുടെ അഭാവമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ പറഞ്ഞു.
ആറ് മാസമായി അസി. എൻജിനീയറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. തൽക്കാലത്തേക്ക് ചുമതല നൽകിയ ഊരകം ഗ്രാമപഞ്ചായത്ത് അസി. എൻജിനീയർ ആഴ്ചയിൽ ഒരു ദിവസം മാത്രം വന്നുപോവുകയാണെന്നും പ്രസിഡന്റ് പറയുന്നു. അസി. എൻജിനീയർ തസ്തികയിൽ നിയമനം നടക്കുന്ന മുറക്ക് പൊളിച്ചുമാറ്റാൻ അനുമതി നൽകാനാവുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.