ആള് മാറി, കളി മാറി; ടി.വിക്ക് മാത്രം മാറ്റമില്ല
text_fieldsവേങ്ങര: കളി മാറും, ആളും ആരവങ്ങളുമൊടുങ്ങും. വീണ്ടും പുതിയ കാണികളെത്തും. പക്ഷേ ടെലിവിഷന് മാത്രം മാറ്റമില്ല. 24 വർഷം മുമ്പ് സ്ഥാപിച്ച ടി.വിയിലാണ് എടയാട്ടുപറമ്പിലെ ആബാലവൃന്ദം ജനങ്ങളും ഈ വർഷവും യുറോ-കോപ്പ ഫുട്ബാൾ ടൂർണമെൻറുകൾ കാണുക. എടയാട്ട്പറമ്പിലെ യുവധാര ക്ലബ് 1997ലാണ് ടി.വി സ്ഥാപിക്കുന്നത്. രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് സർക്കാർ ഓരോ ടി.വി നൽകുന്ന സ്കീമിലാണ് ക്ലബിനും ടി.വി ലഭിക്കുന്നത്.
24 വർഷം പിന്നിടുമ്പോഴും ഒരു തകരാറുമില്ലാതെ ഈ ടി.വി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. 2000ത്തിെൻറ തുടക്കത്തിൽ ഈ ക്ലബിെൻറ അഞ്ചു കിലോമീറ്റർ ചുറ്റുവട്ടത്തുള്ള ആളുകൾ ടി.വി കാണാനെത്തിയിരുന്നതായി നാട്ടുകാർ ഓർമിക്കുന്നു. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 3 വാർഡുകളിലെ ജനങ്ങളായിരുന്നു ടി.വി പരിപാടികൾ കാണാൻ എത്തിയിരുന്നത്.
ലോക കപ്പ് ഫുട്ബാൾ നടക്കുമ്പോൾ മുന്നിൽ ടാർപ്പോളിൻ വലിച്ചു കെട്ടി ഇരുന്നൂറിലധികം കളിക്കമ്പക്കാർ കളി കാണാനെത്തിയിരുന്നുവത്രേ. ഇപ്പോഴും അമ്പതിലധികം ആളുകൾ കളി കാണാൻ എത്താറുണ്ട് ഈ ക്ലബിൽ. അർജൻറീന, ബ്രസീൽ എന്നിവർക്ക് തന്നെയാണ് ഇവിടെയും ആരാധകർ കൂടുതലുള്ളത്. പോർച്ചുഗൽ, സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവക്കും ആരാധകർ ധാരാളമായി ഉണ്ട്.
എടയാട്ടുപറമ്പുകാർക്ക് ഫുട്ബാളിനോളം മുഹബ്ബത്താണ് ന്യൂ യുവധാര ക്ലബിലെ ടെലിവിഷനോടും.
കഴിഞ്ഞ 24 വർഷം കളികാണലിന് മുടക്കം വരുത്താത്ത ഈ ടി.വി ഇനിയും ദീർഘകാലം കേടുപാടൊന്നും കൂടാതെ തുടരട്ടെ എന്നാണ് ക്ലബ് പ്രവർത്തകരുടെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.