ദേശീയപാതയിൽ സൂചന ബോർഡുകളില്ല; അപകടത്തിൽ യുവാവിന് കാൽ നഷ്ടപ്പെട്ടു
text_fieldsവേങ്ങര: നവീകരണം നടക്കുന്ന ദേശീയപാതയിൽ അധികൃതരുടെ അനാസ്ഥ മൂലം യുവാവിന് നഷ്ടമായത് കാൽ.
അത്യാവശ്യ സൂചന ബോർഡുകളുടെയും സുരക്ഷ സംവിധാനങ്ങളുടെയും അഭാവത്താൽ നിരവധി അപകടങ്ങളാണ് നടക്കുന്നത്. കഴിഞ്ഞദിവസം എ.ആർ നഗർ അരീത്തോട് ദേശീയപാതയിലെ അണ്ടർപാസ് വഴി മമ്പുറം റോഡിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി മേലെപ്പുറത്ത് ത്വൽഹത് ഹുദവി(29)യുടെ കാലാണ് മുട്ടിനുതാഴെ മുറിച്ചു മാറ്റേണ്ടിവന്നത്.
അണ്ടർ പാസ് വഴി റോഡിനു അപ്പുറത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യവേ, കൊളപ്പുറം ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് ബസിന്റെ മുൻചക്രം ത്വൽഹത്ത് ഹുദവിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഹുദവിയുടെ വലതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടിവന്നു. ഇടതുകാലിന്റെ തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രധാനറോഡുകളിൽനിന്ന് സർവിസ് റോഡിലേക്ക് കയറാൻ ദേശീയപാതയിൽ പുതുതായി നിരവധി അണ്ടർപാസുകളാണ് നിർമിച്ചിട്ടുള്ളത്. പണിപൂർത്തിയായവ യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്തു. എന്നാൽ അണ്ടർപാസുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ അപകടങ്ങൾ പതിവാണ്. അപകടശേഷം ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് റോഡ് നിർമാണ കമ്പനിയായ കെ.എൻ.ആർ.സി.എൽ സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.